റാഫ അതിർത്തി തുറന്നു; ഗാസയിലേക്ക് സഹായവുമായി ട്രക്കുകൾ തിരിച്ചു
Saturday, October 21, 2023 5:22 PM IST
കയ്റോ: ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തുന്ന പ്രത്യാക്രമണം നേരിടുന്ന ഗാസയിലെ ജനങ്ങൾക്കായി സഹായങ്ങൾ ഒഴികിതുടങ്ങി. ഈജിപ്തിലെ റാഫ അതിർത്തിയിലൂടെ മരുന്നും അവശ്യവസ്തുകളുമായി ട്രക്കുകൾ ഗാസയിലേക്ക് കടത്തിവിട്ടു.
ഈജിപ്തിൽ നിന്ന് ഗാസയിലേക്കുള്ള ആദ്യ ട്രക്ക് അതിർത്തി കടന്നതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. പിന്നാലെ മറ്റുള്ള ട്രക്കുകളും അതിർത്തി പിന്നിടുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വെള്ളം, ഭക്ഷണം, മരുന്ന് എന്നിവയുമായി 20 ട്രക്കുകൾക്കാണ് ഗാസയിലേക്ക് കടക്കാൻ ഈജിപ്ത് അനുമതി നൽകിയിരിക്കുന്നത്.
പ്രാദേശിക സമയം രാവിലെ പത്തോടെ ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റാഫ അതിർത്തി തുറന്നുവെന്ന വിവരം ലഭിച്ചതായി ജെറുസലെമിലുള്ള യുഎസ് എംബസി അറിയിച്ചു.
ഗാസയിലേക്കുള്ള സഹായങ്ങളുമായി ഇരുനൂറിലധികം ട്രക്കുകൾ റാഫ അതിർത്തിയിൽ കാത്തുകിടന്നിരുന്നത്. ഇസ്രേലി ആക്രമണം മൂലം പത്തു ലക്ഷത്തിലധികം പേർ അഭയാർഥികളായ ഗാസയിൽ രണ്ടായിരം ട്രക്ക് സാധനങ്ങളെങ്കിലും വേണമെന്നാണു യുഎൻ പറഞ്ഞത്.