പലസ്തീന് സഹായവുമായി ഇന്ത്യ; മരുന്നുകളും അവശ്യവസ്തുക്കളുമായി വ്യോമസേന വിമാനം പുറപ്പെട്ടു
Sunday, October 22, 2023 11:52 AM IST
ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം തുടരുന്നതിനിടെ പലസ്തീന് സഹായവുമായി ഇന്ത്യ. മരുന്നുകളും മറ്റ് അവശ്യവസ്തുക്കളുമായി വ്യോമസേനയുടെ സി-17 വിമാനം ഈജിപ്തിലേക്ക് തിരിച്ചു.
ജീവന്‍രക്ഷാ മരുന്നുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍, ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍ അടക്കമുള്ള അവശ്യവസ്തുക്കളാണ് ഈജിപ്തിലേക്ക് അയച്ചത്. ഈജിപ്ത് അതിര്‍ത്തിവഴി ഇവ ഗാസയില്‍ എത്തിക്കും.
വ്യാഴാഴ്ച പലസ്തീന് പ്രസിഡന്റ് മഹമൂദ് അബാസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തേയ്ക്ക് സഹായം അയയ്ക്കാനുള്ള തീരുമാനം.
ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തുന്ന പ്രത്യാക്രമണം നേരിടുന്ന ഗാസയിലെ ജനങ്ങള്‍ക്കായി നിരവധി ലോകരാജ്യങ്ങള്‍ സഹായമയച്ചിട്ടുണ്ട്. ശനിയാഴ്ച മുതലാണ് ഈജിപ്തിലെ റാഫ അതിര്‍ത്തിയിലൂടെ മരുന്നും അവശ്യവസ്തുകളുമായി വരുന്ന ട്രക്കുകള്‍ ഗാസയിലേക്ക് ഇസ്രേലിസേന കടത്തിവിട്ട് തുടങ്ങിയത്.
ഇസ്രയേൽ ആക്രമണം മൂലം പത്തു ലക്ഷത്തിലധികം പേര് അഭയാര്‍ഥികളായ ഗാസയില്‍ രണ്ടായിരം ട്രക്ക് സാധനങ്ങളെങ്കിലും വേണമെന്ന് യുഎന്‍ അറിയിച്ചിരുന്നു.