പതിനാലുകാരിയുടെ മരണം: പിതാവിനെതിരേ കൊലക്കുറ്റം ചുമത്തും
Wednesday, November 8, 2023 4:32 PM IST
ആലങ്ങാട്: അന്യമതത്തില്പ്പെട്ടയാളുമായി പ്രണയമുണ്ടെന്നാരോപിച്ച് പിതാവ് ക്രൂരമായി മര്‍ദിക്കുകയും കളനാശിനി കുടിപ്പിക്കുകയും ചെയ്ത പെൺകുട്ടി മരിച്ച സഭവത്തിൽ പിതാവിനെതിരേ കൊലപാതക്കുറ്റം ചുമത്തും. കരുമാലൂര്‍ മറിയപ്പടി ഫാത്തിമ മന്‍സില്‍ ഐക്കരകുടി വീട്ടില്‍ അബീസിന്റെ മകൾ ഫാത്തിമയാണു ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകുന്നേരം നാലോടെ മരിച്ചത്.
പിതാവ് അബീസിനെ (43) പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ചയോടെ കസ്റ്റഡിയിൽ വാങ്ങിയ പിതാവിനെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. അടിക്കാൻ ഉപയോഗിച്ച കമ്പി വടിയും കുട്ടിക്ക് നൽകിയ വിഷവും ഏത് കടയിൽ നിന്നും വാങ്ങിയതാണെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
29നു രാവിലെയാണു കേസിനാസ്പദമായ സംഭവം. അന്യമതത്തില്‍പ്പെട്ട പയ്യനുമായി പെൺകുട്ടിക്ക് പ്രണയമുണ്ടെന്ന് ആരോപിച്ച് പിതാവ് മകളെ കമ്പിവടികൊണ്ടു കൈയിലും കാലിലും അടിച്ചു പരിക്കേല്പിച്ച ശേഷം ബലമായി കളനാശിനി വായിലേക്ക് ഒഴിച്ചു കൊടുക്കുകയായിരുന്നു.
പെണ്‍കുട്ടി പ്രണയത്തില്‍നിന്നു പിന്മാറാതെ വന്നതോടെയാണു മർദിച്ചതും കളിനാശിനി കുടിപ്പിച്ചതും. കളനാശിനി നല്കിയ ശേഷം പെണ്‍കുട്ടി ഛര്‍ദിച്ച് അവശനിലയിലായപ്പോഴാണു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
തുടര്‍ന്നു ഈ മാസം ഒന്നിനാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അന്നു തന്നെ അബീസിനെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തിയിരുന്നു.
ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടായതോടെ കഴിഞ്ഞ ദിവസം മുതല്‍ പെണ്‍കുട്ടിയുടെ ഡയാലിസിസ് ആരംഭിച്ചിരുന്നെങ്കിലും ബുധനാഴ്ച മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റ്മാർട്ടത്തിന് ശേഷം ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കടുങ്ങല്ലൂര്‍ രാജശ്രീ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണു ഫാത്തിമ. ആഷിലയാണ് മാതാവ്. സഹോദരങ്ങൾ: ഫാത്തിഹ, മുഹമ്മദ് ഫായിസ്.