സംസ്ഥാനം സാന്പത്തിക പ്രതിസന്ധിയിലെന്ന് എൽഡിഎഫ്
Friday, November 10, 2023 5:38 PM IST
തിരുവനന്തപുരം: സംസ്ഥാനം സാന്പത്തിക പ്രതിസന്ധിയിലെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ. അർഹതയുള്ള പണം പോലും കേന്ദ്രസർക്കാർ നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിനു കേരളത്തോട് വിരോധമാണ്. കേന്ദ്ര അവഗണനക്കെതിരെ ജില്ലകളിൽ സെമിനാർ നടത്തും. മന്ത്രിമാർ പങ്കെടുക്കുന്ന നവകേരള സദസിനിടയിൽ സെമിനാർ നടത്തുമെന്നും ജയരാജൻ പറഞ്ഞു.
അതേസമയം സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാനും ഇന്ന് ചേർന്ന എൽഡിഎഫ് യോഗത്തിൽ തീരുമാനമായി. 13 ഇനങ്ങളുടെ വിലയാണ് കൂട്ടുന്നത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഭക്ഷ്യമന്ത്രിയെ എൽഡിഎഫ് ചുമതലപ്പെടുത്തി്.
തുവര പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, ചെറുപയർ, വൻപയർ, ഉഴുന്ന്, കടല എന്നിവയുടെ വിലയാണ് കൂട്ടുന്നത്.
ഏഴ് വർഷത്തിനുശേഷമാണ് സപ്ലൈകോയിലെ വിലവർധന. വിപണിയിൽ ഇടപെട്ടതിന്റെ പേരിൽ സപ്ലൈകോയ്ക്ക് സർക്കാർ നൽകാനുള്ള കുടിശിക 1,525 കോടി രൂപയാണ്. ഒന്നുകിൽ കുടിശിക നൽകുക അല്ലെങ്കിൽ വില കൂട്ടുകയെന്നതാണ് സപ്ലൈകോ മുന്നോട്ടുവച്ച ആവശ്യം.