ജസ്റ്റീസ് ഫാത്തിമ ബീവി അന്തരിച്ചു
Thursday, November 23, 2023 12:50 PM IST
കൊല്ലം: സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റീസും തമിഴ്നാട് മുന്‍ ഗവര്‍ണറുമായ ജസ്റ്റീസ് ഫാത്തിമ ബീവി (96) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.10ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം വെള്ളിയാഴ്ച പത്തനംതിട്ട ടൗൺ ജുമാ മസ്ജിദിൽ നടക്കും.
പിന്നാക്ക വിഭാഗ കമ്മീഷന് ആദ്യ അധ്യക്ഷ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1927-ൽ അണ്ണാവീട്ടില്‍ മീരാസാഹിബിന്റെയും ഖദീജ ബീവിയുടെയും മകളായി പത്തനംതിട്ടയിൽ ആയിരുന്നു ജനനം. തിരുവനന്തപുരം ലോ കോളജില്‍ നിന്നും നിയമ ബിരുദം കരസ്ഥമാക്കിയ അവർ1950-ല്‍ അഭിഭാഷകയായി എന്റോള്‍ ചെയ്തു.
1958-ല്‍ സബോഡിനേറ്റ് മുന്‍സിഫായി നിയമിതയായി. പിന്നീട് 1968ല്‍ സബ് ജഡ്ജ് ആയും 1974ല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ആയും സ്ഥാനക്കയറ്റം ലഭിച്ചു.
1983-ല്‍ ആണ് ഹൈക്കോടതി ജസ്റ്റീസ് ആയത്. 1989 ഏപ്രില്‍ 29-ന് ഹൈക്കോടതിയില്‍ നിന്നും വിരമിച്ചെങ്കിലും ആ വർഷം ഒക്ടോബര്‍ ആറിന് സുപ്രീം കോടതിയില്‍ ജസ്റ്റീസായി നിമനം ലഭിച്ചു.
1992 ഏപ്രില്‍ 29-നാണ് സുപ്രീം കോടതിയില്‍ നിന്നും വിരമിച്ചു. 1997 മുതല്‍ 2001 കാലഘട്ടത്തിൽ തമിഴ്നാട് ഗവര്‍ണര്‍ ആയി സേവനമനുഷ്ഠിച്ചു.