ഫാത്തിമ വധക്കേസ്; പ്രതിക്ക് ജീവപര്യന്തവും പിഴയും
Sunday, November 26, 2023 2:55 AM IST
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ പാലാന്പട്ട ഫാത്തിമയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അച്ചിപ്ര റഷീദിന് (32) ജീവപര്യന്തവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മണ്ണാർക്കാട് എസ്സിഎസ്ടി കോടതിയാണ് ശിക്ഷ വിധിച്ചത്.
2011 ജൂൺ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൊറ്റശ്ശേരി പാലാംപട്ട ഈയ്യമ്പലം അക്ഷര കോളനിയിലെ ഫാത്തിമ(48)യെ റഷീദ് കൊലപ്പെടുത്തുകയായിരുന്നു.
ഐപിസി 302, 449 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മണ്ണാർക്കാട് എസ്സിഎസ്ടി കോടതി ജഡ്ജി ജോമോൻ ജോണാണ് ശിക്ഷ വിധിച്ചത്.
ഫാത്തിമയും റഷീദിന്റെ പിതാവും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതുസംബന്ധിച്ച വൈരാഗ്യമാണ് കൊലപാതകത്തിലെത്തിയത്. സംഭവ ദിവസം ഫാത്തിമയുടെ വീട്ടിലെത്തിയ റഷീദ് ഉറങ്ങി കിടക്കുകയായിരുന്ന ഇവരെ കരിങ്കല്ലുകൊണ്ട് കുത്തുകയും കൊടുവാൾ കൊണ്ട് വെട്ടുകയുമായിരുന്നു.
പ്രാണരക്ഷാർഥം പുറത്തേക്കോടിയ ഫാത്തിമയെ അയൽവാസിയായ സ്ത്രീയുടെ വീടിന്റെ വരാന്തയിൽ വെച്ചും റഷീദ് വെട്ടി. കഴുത്തിലും ശരീരത്തിലും കൈകാലുകളിലും വെട്ടേറ്റ ഫാത്തിമ മരണമടയുകയായിരുന്നു.
അന്ന് മണ്ണാർക്കാട് സിഐ ആയിരുന്ന ടി.എസ്.സിനോജാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. വിചാരണ നടപടികൾ വേഗത്തിലാക്കുന്നതിനുള്ള ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ജില്ലാ എസ്സിഎസ്ടി സ്പെഷൽ കോടതി കേസ് പരിഗണിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജയൻ, കെ.ദീപ എന്നിവർ ഹാജരായി.