രേവന്ത് റെഡ്ഡി തെലുങ്കാന മുഖ്യമന്ത്രി
Tuesday, December 5, 2023 7:13 PM IST
ന്യൂഡൽഹി: തെലുങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. വ്യാഴാഴ്ച രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
കെ.സി. വേണുഗോപാലാണ് രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 119 അംഗ നിയമസഭയിൽ 64 സീറ്റുകൾ നേടിയാണ് കോണ്‍ഗ്രസ് തെലുങ്കാനയിൽ അധികാരം പിടിച്ചത്. ഇതോടെയാണ് കോണ്‍ഗ്രസിന്റെ വിജയശില്പി കൂടിയായ പിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയാക്കിയത്.
പത്ത് വർഷം അധികാരത്തിലിരുന്ന കെ. ചന്ദ്രശേഖർ റാവുവിനെ തഴെയിറക്കിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. തെലുങ്കാന രൂപീകരിച്ചത് കോണ്‍ഗ്രസ് നേതൃത്വം നല്കിയ യുപിഎ സർക്കാരായിരുന്നെങ്കിലും നേട്ടം കൊയ്തത് ചന്ദ്രശേഖർ റാവു ആയിരുന്നു.
2014ലും 2018ലും ഭരണം പിടിച്ച റാവു പത്തു വർഷം തെലുങ്കാന കൈപ്പിടിയിലൊതുക്കി. റാവുവിനോട് എതിർത്തുനില്ക്കാൻ കെൽപ്പുള്ള ഒറ്റ നേതാവു പോലും കോണ്‍ഗ്രസിലില്ലായിരുന്നു. പ്രവർത്തകസമിതിയംഗമായിരുന്ന കെ. കേശവറാവു ഉൾപ്പെടെയുള്ള പ്രമുഖർ തെലുങ്കാന പ്രക്ഷോഭകാലത്തുതന്നെ ടിആർഎസിലെത്തി.
പിസിസി അധ്യക്ഷനായിരുന്ന ഡി. ശ്രീനിവാസ്, മുൻ ആഭ്യന്തര മന്ത്രി സബിത ഇന്ദ്ര റെഡ്ഡി തുടങ്ങിയ പ്രമുഖരെല്ലാം കോൺഗ്രസ് അധികാരത്തിനു പുറത്തായതോടെ ടിആർസിൽ(ഇപ്പോൾ ബിആർഎസ്) അഭയം തേടി. ഡി. അരുണ ഉൾപ്പെടെയുള്ളവർ ബിജെപിയിലെത്തി. തലയെടുപ്പുള്ള നേതാവില്ലാതെ കോൺഗ്രസ് പ്രതിസന്ധിയിലായ ഘട്ടത്തിലായിരുന്നു രേവന്ത് റെഡ്ഡിയുടെ വരവ്.
ബിജെപിയുമായി ഒളിഞ്ഞും ഒവൈസിയുമായി തെളിഞ്ഞും കൈകോർത്ത ചന്ദ്രശേഖർ റാവുവിന് തെലുങ്കാന കോണ്‍ഗ്രസിനെ ഉന്മൂലനം ചെയ്യണമെന്ന ലക്ഷ്യമുണ്ടായിരുന്നു. രണ്ടു തവണയും വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും കോണ്‍ഗ്രസ് എംഎൽഎമാരെ റാവു ചാക്കിട്ടു പിടിച്ചു. 2018ൽ കോണ്‍ഗ്രസ് ടിക്കറ്റിൽ വിജയിച്ചത് 19 പേരായിരുന്നു. ഇവരിൽ 12 പേർ രാജിവച്ച് ടിആർഎസിൽ ചേർന്നു.
2014ൽ 21 കോണ്‍ഗ്രസ് എംഎൽഎമാരിൽ ഏഴു പേർ ടിആർഎസിലേക്കു കൂറുമാറി. വൈകാതെ സംസ്ഥാനത്തു ബിജെപിക്കു പിന്നിൽ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി. ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേടിയത് നാമമാത്ര വോട്ടായിരുന്നു. അവിടെനിന്നാണു രേവന്ത് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിച്ചത്.