യുക്രെയ്നിയൻ യുദ്ധത്തടവുകാരുമായി റഷ്യൻ വിമാനം തകർന്നുവീണു; 65 മരണം
Wednesday, January 24, 2024 3:43 PM IST
മോസ്കോ: യുക്രെയ്നിയൻ യുദ്ധത്തടവുകാരെയും വഹിച്ചുകൊണ്ട് പറന്നുയർന്ന റഷ്യൻ വിമാനം തകർന്നുവീണു. 65 പേർ മരിച്ചു. ഹെവി ലിഫ്റ്റ് മിലിട്ടറി ട്രാൻസ്പോർട്ട് എയർക്രാഫ്റ്റായ ഐഎൽ-76 ആണ് അപകടത്തിൽപെട്ടത്.
പ്രാദേശിക സമയം രാവിലെ 11ന് യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന പടിഞ്ഞാറൻ ബെൽഗൊറോഡ് മേഖലയിലാണ് സംഭവം. അപകടത്തിനു പിന്നാലെ വിമാനത്തിന് തീപിടിച്ചു.
യുദ്ധത്തടവുകാരായ 65 യുക്രെയ്ൻ സൈനികരും ആറ് ക്രൂ അംഗങ്ങളും മൂന്ന് സുരക്ഷാ സൈനികരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിമാനം അതിവേഗം നിയന്തണം നഷ്ടപ്പെട്ട് താഴേക്കു വരുന്നതും ജനവാസമേഖലയ്ക്കു സമീപം തകർന്നുവീഴുന്നതും വീഡിയോയിലുണ്ട്.