പന്നിയാര്‍ പുഴ കൈയേറി നിര്‍മിച്ച കെട്ടിടങ്ങള്‍ ഉടന്‍ ഒഴിപ്പിക്കും; പൂപ്പാറയില്‍ നിരോധനാജ്ഞ
Wednesday, February 7, 2024 10:12 AM IST
ഇടുക്കി: പൂപ്പാറ ടൗണില്‍ പന്നിയാര്‍ പുഴ കൈയേറി നിര്‍മിച്ച കെട്ടിടങ്ങള്‍ ഉടന്‍ ഒഴിപ്പിക്കും. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഇതിന് മുന്നോടിയായി പൂപ്പാറ ടൗണില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പന്നിയാര്‍ പുഴയിലെയും റോഡിലെയും 56 കൈയേറ്റങ്ങളാണ് ഒഴിപ്പിക്കുക. റവന്യു വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. എന്നാല്‍ ഒഴിപ്പിക്കൽ തടയുമെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ നിലപാട്.
തങ്ങളുടെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി കൈയേറ്റം ഒഴിപ്പിക്കാന്‍ ഉത്തരവിട്ടത്. ഇതിനെതിരേ തങ്ങള്‍ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ തീരുമാനമാകുന്നതിന് മുമ്പ് ഒഴിപ്പിക്കല്‍ അനുവദിക്കില്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് ബാബു പറഞ്ഞു.
ആറാഴ്ചയ്ക്കകം കൈയേറ്റം ഒഴിപ്പിക്കണമെന്നാണ് കോടതി ഉത്തരവ്. നിലവില്‍ 20 ദിവസം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. തിടുക്കത്തില്‍ കൈയേറ്റം ഒഴിപ്പിക്കാനുള്ള റവന്യു വകുപ്പിന്റെ നടപടി തടയുമെന്നും ഇദ്ദേഹം അറിയിച്ചു.