ലോക്സഭാ തെരഞ്ഞെടുപ്പ് ; യുഡിഎഫിന് മുൻതൂക്കം പ്രവചിച്ച് സർവേ
Wednesday, March 13, 2024 11:13 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുൻതൂക്കം പ്രവചിച്ച് സർവേ റിപ്പോർട്ടുകൾ. എബിപി ന്യൂസ് സിവോട്ടർ സർവേയും ന്യൂസ് 18 സർവേയുമാണ് യുഡിഎഫിന് മുൻതൂക്കം പ്രവചിക്കുന്നത്.
കേരളത്തിലെ മുഴുവൻ സീറ്റുകളും സ്വന്തമാക്കി യുഡിഎഫ് ആധിപത്യം നിലനിർത്തുമെന്ന് എബിപി ന്യൂസ് സിവോട്ടർ അഭിപ്രായ സർവേ പറയുന്നു. വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം ഇത്തവണയും യുഡിഎഫിന് അനുകൂല തരംഗം സൃഷ്ടിക്കുമെന്ന് സർവേ വിലയിരുത്തുന്നു.
സംസ്ഥാനത്തെ 44.5 ശതമാനം വോട്ടു വിഹിതം കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുഡിഎഫ് പിടിച്ചെടുക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എല്‍ഡിഎഫ് 31.4 ശതമാനവും എൻഡിഎ 19.8 ശതമാനവും വോട്ട് ഷെയർ സ്വന്തമാക്കും. മറ്റു പാർട്ടികള്‍ 4.3 ശതമാനം വോട്ടു പിടിക്കുമെന്നും സർവേയില്‍ പറയുന്നു.
ന്യൂസ്18 സർവേയിൽ14 സീറ്റ് യുഡിഎഫും നാലു സീറ്റ് എൽഡിഎഫും രണ്ട് സീറ്റ് എൻഡിഎയും നേടുമെന്ന് പറയുന്നു. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും സർവേ പ്രവചിക്കുന്നു.
21 പ്രധാന സംസ്ഥാനങ്ങളിലെ 518 ലോക്സഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിപുലമായ സർവേയാണ് പുറത്തുവിട്ടത്. 1,18,616 ലധികം പേർ പങ്കെടുത്ത സർവേയില്‍, 95 ശതമാനം ലോക്സഭാ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന വോട്ടർമാരുമായി ആശയം വിനിമയം നടത്തിയെന്നാണ് ചാനൽ അവകാശപ്പെടുന്നത്.