"തെരഞ്ഞെടുപ്പ് കാലത്ത് വാക്കുകൾ സൂക്ഷിക്കണം'; ഇപിയെ തിരുത്തി പന്ന്യൻ
Monday, March 18, 2024 3:06 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണെന്ന എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്റെ പ്രസ്താവനയെ തള്ളി സിപിഐ നേതാവും തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥിയുമായ പന്ന്യൻ രവീന്ദ്രൻ.
ഇപിയുടെ പ്രസ്താവന യാഥാർഥ്യവുമായി ബന്ധമില്ലാത്തതാണെന്നും തെരഞ്ഞടുപ്പ് കാലത്ത് സൂക്ഷിച്ച് മാത്രമേ കാര്യങ്ങൾ പറയാവൂ എന്നും പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇപിയെ ഈ വിഷയത്തിൽ തള്ളിപ്പറഞ്ഞിരുന്നു.
ബിജെപി സ്ഥാനാര്‍ഥികള്‍ മികച്ചതാണെന്നും കേരളത്തില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലാണു മത്സരമെന്നുമാണ് നേരത്തെ ജയരാജന് ആവർത്തിച്ചു പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും തള്ളിപ്പറഞ്ഞതോടെ ജയരാജന് തിരുത്താനും തയാറായി.
ബിജെപി സ്ഥാനാര്‍ഥികള്‍ മികച്ചതാണെന്നു പറഞ്ഞത് ജാഗ്രത ഉണ്ടാകാന്‍ വേണ്ടിയാണെന്നും കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണു മത്സരമെന്നും കണ്ണൂരിൽ കഴിഞ്ഞ ദിവസം ജയരാജന് വ്യക്തമാക്കി.
ഇതിനിടെയാണ് പന്ന്യന്റെ പ്രതികരണം. ജയരാജൻ പറയുന്നതെല്ലാം അടുത്തകാലത്ത് വിവാദമായി മാറുന്നുണ്ട്. എൽഡിഎഫ് കൺവീനറായ ജയരാജന്റെ വിവാദപ്രസ്താവനകളിൽ ഘടകക്ഷികൾക്കു പ്രതിഷേധമുണ്ടെങ്കിലും പരസ്യമായി ഒരു നേതാവ് പ്രതികരിക്കുന്നത് ഇതാദ്യമാണ്.
ഹിന്ദി മേഖല വിട്ട് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെയും പന്ന്യൻ വിമർശിച്ചു. ദേശീയ നേതാക്കളായ രാഹുലും കെ.സി. വേണുഗോപാലും കേരളത്തിൽ മത്സരിക്കുന്നു. രണ്ടുപേരും മത്സരിക്കുന്നത് ഇടതുപക്ഷത്തിനെതിരെയാണ്. കോൺഗ്രസിന് പക്വതയുള്ള നേതൃത്വമില്ലെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
രാജ്യത്ത് ബിജെപിയോട് ജനങ്ങൾക്കുണ്ടായ പ്രണയം കുറഞ്ഞുവരികയാണ്. ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് ഒരുപാട് ആശങ്കയുണ്ട്. സിഎഎ അവരെ ബുദ്ധിമുട്ടിച്ചു. പെൻഷൻ കിട്ടാത്തവരുടെ സങ്കടം വലുതാണെന്നും ഇടതുപക്ഷം അത് പരിഹരിച്ച് മുന്നോട്ടുപോകുമെന്നും പന്ന്യൻ പറഞ്ഞു.
തിരുവനന്തപുരത്ത് എയിംസ് കൊണ്ടുവരാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.