പ്രചാരണത്തിനു പണമില്ല; സഹായം അഭ്യർഥിച്ച് പന്ന്യൻ രവീന്ദ്രൻ
Monday, April 1, 2024 5:36 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായം അഭ്യർഥിച്ച് തലസ്ഥാനത്തെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. വാട്സ് ആപ്പ് സന്ദേശത്തിൽ അക്കൗണ്ട് നമ്പർ കൂടി ഉൾപ്പെടുത്തിയാണ് സഹായ അഭ്യർഥന എത്തിയിരിക്കുന്നത്. മറ്റ് സ്ഥാനാർഥികളുടെ പ്രചരണത്തിനൊപ്പം പിടിച്ചു നിൽക്കാൻ ഇതല്ലാതെ മറ്റ് മാർഗമില്ലെന്നാണ് സ്ഥാനാർഥി പറയുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാണ്. പിന്തുണക്ക് ഒപ്പം സഹായ സഹകരണങ്ങൾക്കൂടി അഭ്യർഥിക്കുന്നതാണ് പന്ന്യൻ രവീന്ദ്രന്റെ വാട്സ് ആപ്പ് സന്ദേശം. അടുത്ത സുഹൃത്തുക്കളെ ലക്ഷ്യമിട്ടാണ് തയാറാക്കിയതെങ്കിലും സന്ദേശം ഷെയർ ചെയ്ത് നവമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ഗ്രാമീൺ ബാങ്കിലെ അക്കൗണ്ടിലേക്ക് വലിയ തോതിലുള്ള പ്രതികരണമാണിപ്പോഴുള്ളതെന്ന് പന്ന്യൻ രവീന്ദ്രൻ പറയുന്നു. ഒരു ഓട്ടോ തൊഴിലാളി അയച്ചത് 20 രൂപയാണ്. എനിക്ക് 10 രൂപയായാലും 20 രൂപയായാലും പ്രശ്നമില്ല. അതെല്ലാം പിന്തുണയാണ്. ജനങ്ങളുടെ പിന്തുണ. പണം പെരുകി വരും. കോടികളില്ലേലും ലക്ഷങ്ങളെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.