മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു; ജഗൻമോഹൻ റെഡ്ഡിക്കും ചന്ദ്രബാബു നായിഡുവിനും വിമർശനം
Tuesday, May 7, 2024 4:46 AM IST
അമരാവതി: മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) ലംഘിച്ചതിന് വൈഎസ്ആർസിപി മേധാവിയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയെയും പ്രതിപക്ഷ നേതാവ് എൻ. ചന്ദ്രബാബു നായിഡുവിനെയും തെരഞ്ഞെടുപ്പ് കമ്മീഷൻ വിമർശിച്ചു. "വാക്കുകളിൽ ജാഗ്രത പാലിക്കാൻ' ഇരുവരോടും കമ്മീഷൻ നിർദേശിച്ചു.
കഴിഞ്ഞ കുറേ ദിവസങ്ങളായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ഇരു നേതാക്കളും പരസ്പരം അപകീർത്തികരവും വ്യക്തിപരവുമായ ആരോപണങ്ങൾ നടത്തി മാതൃകാ പെരുമാറ്റച്ചട്ടം വ്യവസ്ഥകൾ ലംഘിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തി.
അതിനാൽ, വൈഎസ്ആർസിപി അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഡിയെ കമ്മീഷൻ ശക്തമായി വിമർശിക്കുന്നുവെന്നും ഭാവിയിൽ പരസ്യ പ്രസ്താവനകളിൽ ജാഗ്രത പാലിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രിൻസിപ്പൽ സെക്രട്ടറി അവിനാഷ് കുമാർ മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്ത ഉത്തരവിൽ പറഞ്ഞു.
തെലുങ്ക് ദേശം പാർട്ടി (ടിഡിപി) നേതാവ് ചന്ദ്രബാബു നായിഡുവിനും അവിനാഷ് കുമാർ സമാനമായ നിർദേശം നൽകി. എല്ലാ രാഷ്ട്രീയ നേതാക്കളും മാതൃകാ പെരുമാറ്റച്ചട്ടം വ്യവസ്ഥകൾ അക്ഷരത്തിലും ആത്മാവിലും പിന്തുടരുമെന്ന് കമ്മീഷൻ പ്രതീക്ഷിക്കുന്നുവെന്നും ഇത് രാഷ്ട്രീയ വ്യവഹാരത്തിന് ഒരു മാതൃകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടിച്ചേർത്തു.