രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നൽകി സിപിഎം; ജോസ് സ്ഥാനാർഥിയാകും
Monday, June 10, 2024 5:17 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുവരുന്ന രാജ്യസഭ സീറ്റിനെ ചൊല്ലി എൽഡിഎഫിൽ സിപിഐയും കേരള കോൺഗ്രസ് എമ്മും നിലപാട് കടുപ്പിച്ചതോടെ വിട്ടുവീഴ്ച ചെയ്ത് സിപിഎം. എല്‍ഡിഎഫിന് ലഭിക്കുന്ന രണ്ട് രാജ്യസഭാ സീറ്റുകൾ സിപിഐക്കും കേരള കോൺഗ്രസ് എമ്മിനും നൽകാൻ ഇടതു മുന്നണി യോഗത്തിൽ തീരുമാനമായി.
എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ ഒഴിവു വരുന്ന മൂന്ന് സീറ്റുകളിൽ രണ്ട് സീറ്റുകളിലാണ് ഇടതുമുന്നണിക്ക് സ്ഥാനാർഥികളെ വിജയിപ്പിക്കാനാകുക.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണിയും സീറ്റിനുവേണ്ടി ഉറച്ചു നിന്നതോടെയാണ് സിപിഎം വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങിയത്.
അതേസമയം സിപിഐക്കും കേരള കോണ്‍ഗ്രസ്- എമ്മിനും പുറമേ എന്‍സിപി, ആര്‍ജെഡി കക്ഷികളും രാജ്യസഭാ സീറ്റിന് അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.സീറ്റ് കിട്ടാത്തതിൽ ആർജെഡി പ്രതിഷേധത്തിലാണ്.
എല്‍ഡിഎഫിന് ലഭിച്ച രണ്ട് രാജ്യസഭാ സീറ്റുകളില്‍ ഒന്ന് സിപിഎമ്മിന്റേതായിരുന്നു. രണ്ടാമത്തെ സീറ്റിനായാണ് ഘടകകക്ഷികള്‍ അവകാശവാദം ഉന്നയിക്കുന്നത്. ഇതോടെയാണ് സിപിഎം ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യസഭാ സീറ്റ് വിട്ടുകൊടുത്ത് പ്രശ്നം പരിഹരിച്ചത്.
സീറ്റ് ലഭിച്ചതോടെ കേരള കോൺഗ്രസ് എമ്മിൽനിന്നും ജോസ് കെ. മാണി സ്ഥാനാർഥിയായേക്കുമെന്നാണ് സൂചന.