ഹൈറിച്ചിന്റെ ഓഫീസും പൂട്ടി; അന്വേഷണം ഇനി പ്രമോട്ടര്മാരിലേക്ക്
Saturday, July 6, 2024 9:30 PM IST
കണ്ണൂര്‍: തൃശൂര്‍ എരുവശേരി ആസ്ഥാനമാക്കി ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനിയുണ്ടാക്കി മണിച്ചെയിന്‍ തട്ടിപ്പിലൂടെ സര്‍ക്കാരിനെയും ജനങ്ങളെയും കബളിപ്പിച്ച സംഭവത്തില്‍ ശക്തമായ നടപടി വന്നതോടെ കമ്പനിയുടെ ഓഫീസിന്റെ വാടകക്കരാര്‍ കെട്ടിടമുടമ റദ്ദാക്കി. രേഖകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ചേര്‍പ്പ് പോലീസ് ഓഫീസ് പൂട്ടി സീല്‍ ചെയ്തു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഹൈറിച്ചിന്റെ ഉടമകളിലൊരാളായ പ്രതാപനെ കോടതി റിമാൻഡ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വിദേശ നിക്ഷേപത്തെപ്പറ്റി മൗനം പാലിക്കുന്ന ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇഡി കസ്റ്റഡിയില്‍ വാങ്ങും.
നിയമ വിരുദ്ധ സാമ്പത്തിക തട്ടിപ്പിന് ഇഡി അറസ്റ്റ് ചെയ്ത പ്രതാപന് പിന്നാലെ നിക്ഷേപകരില്‍നിന്ന് കോടികള്‍ കമ്മീഷനായി കൈപ്പറ്റിയ പ്രമോട്ടര്‍മാരിലേക്കും അന്വേഷണം നീളുകയാണ്. റെയ്ഡില്‍ 212 കോടി രൂപയുടെ ആസ്തിവകകള്‍ കണ്ടുകെട്ടിയ അന്വേഷണം ഇനി നീളുന്നത് പ്രധാനപ്പെട്ട ഇരുപതോളം പ്രമോട്ടര്‍മാരുടെ അനധികൃത സമ്പാദ്യത്തിലേക്കാണ്.
മൂന്നുദിവസത്തിനുള്ളില്‍ മുഴുവന്‍ വിവരങ്ങള്‍ കൈമാറാന്‍ പ്രമോട്ടര്‍മാരോട് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട് പ്രമോട്ടര്‍മാര്‍ സഹകരിച്ചില്ലെങ്കില്‍ അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് നീക്കം.
നൂറുകോടിയെങ്കിലും പ്രമോട്ടര്‍മാരില്‍നിന്നും കണ്ടെത്താനാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍. ദിവസങ്ങള്‍ക്ക് മുമ്പ് ഇവരില്‍ ചിലരുടെ വീടുകളില്‍ നടത്തിയ റെയ്ഡിലൂടെ നിരവധി സുപ്രധാന രേഖകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ബഡ്സ് ആക്ട് വകുപ്പുപ്രകാരമായിരുന്നു നടപടി.
അതേസമയം പ്രതാപന്റെ ഭാര്യയും ഹൈറിച്ചിന്റെ മറ്റൊരുടമയുമായ ശ്രീന പ്രതാപനേയും ഇഡി അടുത്ത ദിവസം അറസ്റ്റ് ചെയ്യുവാനുള്ള നീക്കവുമുണ്ട്. പതിവായി വിദേശ സന്ദര്‍ശനം നടത്തിയിരുന്നത് ശ്രീനയായിരുന്നതിനാല് ഇവര്‍ വഴിയാണ് പണം വിദേശത്തേക്ക് പോയതെന്നാണ് കണക്കുകൂട്ടല്‍.