സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തിൽ കൂട്ട പിരിച്ചുവിടൽ
Saturday, November 30, 2024 6:42 PM IST
തൃശൂർ: സാമ്പത്തിക പ്രതിസന്ധിയെ തുടര്ന്ന് കേരള കലാമണ്ഡലത്തിലെ മുഴുവൻ താത്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു. അധ്യാപകർ മുതൽ സെക്യൂരിറ്റി ജീവനക്കാർ വരെയുള്ള 120 ഓളം പേരെയാണ് പിരിച്ചുവിട്ടത്.
ഡിസംബർ ഒന്നാം തീയതി മുതൽ താത്കാലിക ജീവനക്കാർ ആരും ജോലിക്ക് വരേണ്ടതില്ലെന്ന് വ്യക്തമാക്കി കേരളകലാമണ്ഡലം വൈസ് ചാൻസലർ ഉത്തരവിറക്കി. കലാമണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരെ പിരിച്ചുവിടുന്നത്.
കലാമണ്ഡലത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി താത്കാലിക അധ്യാപക - അനധ്യാപക ജീവനക്കാരെ നിയമിച്ചിരുന്നു. എന്നാൽ പദ്ധതിയേതര വിഹിതത്തിൽ നിന്നും ആവശ്യമായ തുക ലഭിക്കാത്തത് മൂലമാണ് നടപടിയെന്നാണ് വിശദീകരണം.
യാതൊരു മുന്നറിയിപ്പും ഇല്ലാതെ അധ്യാപകർ ഉൾപ്പടെയുള്ളവരെ പിരിച്ചുവിട്ട നടപടിയിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഒരു അധ്യായന വർഷത്തിന്റെ ഇടയ്ക്കുവച്ച് താത്കാലിക ജീവനക്കാരെ പിരിച്ചുവിടുന്ന സംഭവം ആദ്യമാണെന്ന് ഒരു വിഭാഗം പറഞ്ഞു.