അടുത്ത തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടുനിന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉണ്ടാകും: ഷാഫി പറമ്പില്‍
Tuesday, May 6, 2025 3:46 PM IST
കോഴിക്കോട്: അടുത്ത തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടുനിന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഉറപ്പ് നല്‍കുകയാണെന്ന് വടകര എംപി ഷാഫി പറമ്പില്‍. 2026-ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കേരള ജനത കൊടുക്കുന്ന തിരിച്ചടിയില്‍ നിയമസഭയിലേക്ക് എത്തുന്നവരില്‍ കോഴിക്കോട്ടെ കോണ്‍ഗ്രസ് എംഎല്‍എമാരും ഉണ്ടാകുമെന്ന് ഷാഫി പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് പുക ഉയര്‍ന്ന സംഭവത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധമാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു ഷാഫി. ഇനി യുഡിഎഫിന് വോട്ട് ചെയ്യാന്‍ ബൂത്തിലെത്തുന്നവരുടെ പട്ടികയില്‍ ഇടത് സ്വഭാവമുണ്ടെന്ന് അവകാശപ്പെടുന്ന സഖാക്കളും ഉണ്ടാകുമെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.
കുടുംബത്തോടുള്ള താത്പര്യത്തിന്റെ പത്തിലൊന്ന് പിണറായി വിജയന് കേരളത്തോട് കാണിക്കണം. ചുരുങ്ങിയത് മോദിയോടുള്ള താത്പര്യത്തിന്റെ പത്തിലൊന്നെങ്കിലും സംസ്ഥാനത്തോട് ഉണ്ടാകണമെന്നും ഷാഫി വിമര്‍ശിച്ചു.