കോൺക്ലേവിന് തുടക്കം; വത്തിക്കാനിലേക്ക് ഉറ്റുനോക്കി ലോകം
Wednesday, May 7, 2025 8:54 PM IST
വത്തിക്കാൻ സിറ്റി: ലോകം കാത്തിരുന്ന നിർണായക നിമിഷങ്ങൾ ആഗതമായി. വിശുദ്ധ പത്രോസിന്റെ അടുത്ത പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവിന് തുടക്കമായി.
പ്രാദേശികസമയം ഇന്ന് രാവിലെ പത്തിന് ( ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന "പ്രോ എലിജെൻദോ റൊമാനോ പൊന്തിഫീച്ചെ’ (റോമൻ പൊന്തിഫിന്റെ തെരഞ്ഞെടുപ്പിനായി എന്നർഥം) വിശുദ്ധ കുർബാനയ്ക്ക് കർദിനാൾ സംഘത്തിന്റെ തലവൻ കർദിനാൾ ജിയോവാന്നി ബത്തീസ്ത റേയുടെ മുഖ്യകാർമികത്വം വഹിച്ചു.
സഭയുടെയും മാനവികതയുടെയും നന്മയ്ക്കായി ദൈവഹിതമനുസരിച്ചുള്ള മാർപാപ്പയെ തെരഞ്ഞെടുക്കാൻ പരിശുദ്ധാത്മാവിന്റെ പ്രകാശം കർദിനാൾമാർക്കു ലഭിക്കാനായി പരിശുദ്ധ കന്യകാമറിയത്തിനൊപ്പം പ്രാർഥിക്കാമെന്ന് അദ്ദേഹം തന്റെ വചനസന്ദേശത്തിൽ ആഹ്വാനം ചെയ്തു.
വോട്ടവകാശമുള്ളവരും വോട്ടവകാശം ഇല്ലാത്തവരുമായ കര്‍ദിനാൾമാരും മെത്രാന്മാരും വൈദികരും സന്യസ്തരും അല്മായരും പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയ്ക്കായി പ്രദിക്ഷണമായാണു കര്‍ദിനാൾമാർ അള്ത്താരയ്ക്കരികെ എത്തിയത്.
പ്രാദേശികസമയം വൈകുന്നേരം 4.30ന് (ഇന്ത്യൻ സമയം രാത്രി എട്ട്) സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പ്രാർഥനയോടെയാണു കോൺക്ലേവിന് ഔദ്യോഗികമായി തുടക്കമായത്. തുടർന്ന് പരിശുദ്ധാത്മാവേ എഴുന്നള്ളി വരണമേ എന്നർഥമുള്ള "വിയെനി ക്രേയാതൊർ..’ എന്ന പരമ്പരാഗത പ്രാർഥനാഗീതം ആലപിച്ചുകൊണ്ട് 133 കർദിനാൾ ഇലക്ടർമാർ പ്രദക്ഷിണമായി സിസ്റ്റൈൻ ചാപ്പലിലേക്ക് പ്രവേശിച്ചു.