പാക്കിസ്ഥാന് സാമ്പത്തിക പ്രഹരമേൽപ്പിക്കാൻ ഇന്ത്യ; വായ്പ നല്‍കുന്നത് ഐഎംഎഫിൽ എതിർക്കും
Friday, May 9, 2025 12:02 PM IST
ന്യൂഡല്‍ഹി: പാക്കിസ്ഥാന് സാമ്പത്തികമായും പ്രഹരമേൽപ്പിക്കാനൊരുങ്ങി ഇന്ത്യ. ഐഎംഎഫിൽനിന്ന് അടക്കം പാക്കിസ്ഥാന് ലഭിക്കുന്ന സഹായങ്ങൾ തടയാനാണ് ശ്രമം.
പാക്കിസ്ഥാന് ഏകദേശം 10,000 കോടി രൂപയിലധികം വായ്പ നല്‍കുന്നത് അവലോകനം ചെയ്യാന്‍ ഇന്ന് ഐഎംഎഫ് ബോര്‍ഡ് യോഗം ചേരും. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം.
യോഗത്തിൽ ഇന്ത്യ ഇക്കാര്യത്തിൽ എതിർപ്പ് അറിയിക്കും. പാക്കിസ്ഥാന് ലഭിക്കുന്ന വായ്പാതുക പോകുന്നത് ഭീകരസംഘടനകളിലേക്കാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടും.
ഇതിന് പുറമെ പാക്കിസ്ഥാനെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ ഗ്രേ ലിസ്റ്റില്‍ കൊണ്ടുവരാനും ഇന്ത്യ നീക്കം തുടങ്ങി. ആഗോളതലത്തിൽ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സംഘടനയാണ് എഫ്എടിഎഫ്. ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ പാക്കിസ്ഥാനിലേക്കുളള വിദേശ നിക്ഷേപങ്ങളിലും മൂലധന വരവിലും കടുത്ത നിയന്ത്രണം വരും.