സുപ്രീംകോടതി ചീഫ് ജസ്റ്റീസായി ബി.ആർ. ഗവായ് ഇന്നു ചുമതലയേൽക്കും
Tuesday, May 13, 2025 4:50 PM IST
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസായി ബി.ആർ. ഗവായ് ഇന്നു സത്യപ്രതിജ്ഞ ചെയ്തു ചുമതലയേൽക്കും. സുപ്രീം കോടതിയുടെ ചരിത്രത്തിലെ ആദ്യ ബുദ്ധമതവിശ്വാസിയായ ചീഫ് ജസ്റ്റീസാണ് ബി.ആർ. ഗവായ്. മുൻ കേരള ഗവർണറും പാർലമെന്റേറിയനുമായിരുന്ന ആർ.എസ്. ഗവായിയുടെ മകനായ ബി.ആർ. ഗവായ് ഈ വർഷം നവംബർ 23 വരെ ചീഫ് ജസ്റ്റീസായി തുടരും.
അതേസമയം വിരമിച്ചശേഷം പുതിയ പദവികളൊന്നും ഏറ്റെടുക്കില്ലെന്നു വ്യക്തമാക്കി സുപ്രീംകോടതി ചീഫ് ജസ്റ്റീസ് പദവിയിൽനിന്ന് സഞ്ജീവ് ഖന്ന പടിയിറങ്ങി. നീതിനിർവഹണത്തിന്റെ പരമോന്നതസ്ഥാനത്ത് ആറു മാസം മാത്രമേ സഞ്ജീവ് ഖന്നയ്ക്കു കാലാവധിയുണ്ടായിരുന്നുള്ളൂവെങ്കിലും പല നിർണായക വിധികളിലൂടെയും നിലപാടുകളിലൂടെയും അദ്ദേഹം ശ്രദ്ധേയനായി. സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്റ്റീസായ അദ്ദേഹം 2024 നവംബർ പത്തിനാണു സ്ഥാനമേറ്റെടുത്തത്.
അവസാന പ്രവൃത്തിദിനത്തിൽ സെറിമോണിയൽ ബെഞ്ച് ഒത്തുകൂടിയാണ് സഞ്ജീവ് ഖന്നയ്ക്ക് ആദരപൂർവമായ വിടവാങ്ങൽ നൽകിയത്. 2005ൽ ഡൽഹി ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി നിയമിതനായ ഖന്ന 2019ലാണ് സുപ്രീംകോടതി ജഡ്ജിയായി ഉയർത്തപ്പെട്ടത്.
ആരാധനാലയ സംരക്ഷണ നിയമം, വഖഫ് നിയമഭേദഗതി തുടങ്ങിയ വിഷയങ്ങളിൽ സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റീസായിരിക്കെ എടുത്ത തീരുമാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ജുഡീഷറിക്കു കളങ്കമായി മാറിയ ജസ്റ്റീസ് യശ്വന്ത് വർമ വിഷയത്തിൽ ശക്തമായ നിലപാടും സഞ്ജീവ് ഖന്ന സ്വീകരിച്ചു. ജസ്റ്റീസ് യശ്വന്ത് വർമയുടെ വീട്ടിൽനിന്നു പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയമിച്ച ഖന്ന അന്വേഷണ റിപ്പോർട്ട് ലഭിച്ചതിനുശേഷം യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ രാഷ്ട്രപതിക്കു ശിപാർശ നൽകുകയും ചെയ്തു. സുപ്രീംകോടതി ജഡ്ജിയായി സ്ഥാനമലങ്കരിക്കുന്പോഴും പ്രധാനപ്പെട്ട പല കേസുകളിലും സഞ്ജീവ് ഖന്ന അംഗമായ ബെഞ്ച് വിധി പറഞ്ഞിട്ടുണ്ട്.