സുപ്രീംകോടതി ചീഫ് ജസ്റ്റീസായി ബി.ആർ.ഗവായ് ചുമതലയേറ്റു
Wednesday, May 14, 2025 10:30 AM IST
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസായി ജസ്റ്റിസ് ബി.ആർ ഗവായ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള തുടങ്ങിയവര്‍ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങില്‍ പങ്കെടുത്തു.
രാജ്യത്തിന്റെ 52-ാമത് ചീഫ് ജസ്റ്റീസായാണ് ഗവായ് ചുമതലറ്റത്. ബുദ്ധമത വിശ്വാസി ആദ്യ ചീഫ് ജസ്റ്റീസാകുന്ന മുഹൂർത്തത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. കെ.ജി ബാലകൃഷ്ണന് ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ ദലിത് വ്യക്തിയാണ് ഗവായ്.
ഈ വർഷം നവംബർ 23 വരെയാണ് ഗവായിയുടെ കാലാവധി. മഹാരാഷ്ട്ര സ്വദേശിയായ ഗവായ് 1985 ലാണ് അഭിഭാഷകനായത്. 20003-ല്‍ ആണ് ബോംബെ ഹൈക്കോടതിയില്‍ അദ്ദേഹം ജസ്റ്റീസായി ചുമതലയേറ്റത്. 2019ലാണ് സുപ്രിംകോടതി ജഡ്ജിയായി നിയമിതനാകുന്നത്.
ഇലക്ട്രൽ ബോണ്ട് കേസ്, ബുൾഡോസർ രാജിനെതിരായ വിധി എന്നിവയടക്കം സുപ്രധാന വിധിന്യായങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം മുൻ കേരളാ ഗവർണറായിരുന്ന ആർ.എസ്.ഗവായിയുടെ മകനാണ്.