ഡ്രഡ്ജിംഗ് നടക്കുന്നില്ല; മുതലപ്പൊഴിയിൽ വൻ സംഘർഷം
Friday, May 16, 2025 4:33 PM IST
തിരുവനന്തപുരം: മുതലപ്പൊഴിയിൽ ഡ്രഡ്ജിംഗ് നടക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ ഹാർബർ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സ്ഥലത്തെത്തിയ പോലീസുകാരുടെ നേരെ പ്രതിഷേധക്കാർ തിരിഞ്ഞതോടെ വൻ സംഘർഷാവസ്ഥയായി.
സംഘർഷത്തിനിടയിൽ ഒരാൾ ഹാർബർ എൻജിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകർത്തു. ജനാല തകർത്തയാളെ പിടികൂടിയ പോലീസിന്റെ നേരെ മത്സ്യത്തൊഴിലാളികൾ പാഞ്ഞടുത്തത് സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിനിടയിൽ ഇയാളെ കോസ്റ്റൽ സ്റ്റേഷനിലേക്ക് മാറ്റി.
ഇതോടെ സ്ഥിതിഗതികൾ വൻ സംഘർഷത്തിലേക്ക് നീങ്ങി. അഴിമുഖത്തെ മണൽ നീക്കണമെന്ന് ആവശ്യപ്പെട്ട് തീരദേശ റോഡ് ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം അഞ്ച് മണിക്കൂർ പിന്നിടുകയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി മുതലപ്പൊഴിയിൽ മണൽ കയറി പൊഴി അടഞ്ഞു കിടക്കുകയായിരുന്നു.
ഇതിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് നേരത്തെ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് കണ്ണൂർ അഴീക്കൽ തുറമുഖത്തുനിന്ന് ഡ്രജർ എത്തിച്ചു. രണ്ടാഴ്ച പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്നാണ് ആരോപണം. ഒരു തവണ ഡ്രജർ പ്രവർത്തിച്ചപ്പോൾ വെള്ളം മാത്രമാണ് വന്നത്. മണൽ പുറത്തേക്ക് കൊണ്ടുവരാൻ ഡ്രജറിന് സാധിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ഡ്രഡ്ജിംഗ് പൂർണമായും നിലച്ചതോടെ വീണ്ടും പൊഴി പൂർണമായും അടഞ്ഞ നിലയിലാണ്. ഇതുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കെത്തിയപ്പോൾ ഹാർബർ എൻജിനീയർ ഓഫീസിൽ ഉണ്ടായിരുന്നില്ല. തുടർന്നാണ് രാവിലെ മുതൽ ബീച്ച് റോഡ് പൂർണമായും ഉപരോധിച്ചുകൊണ്ടുള്ള സമരം ആരംഭിച്ചത്.
ഇതിനിടെയാണ് പ്രതിഷേധക്കാരിൽ ഒരാൾ ഹാർബർ എൻജിനീയറുടെ ഓഫീസിന്റെ ജനൽ തകർത്തതും സംഘർഷത്തിലേക്ക് നീങ്ങിയതും.