കടമെടുപ്പ്; പാക്കിസ്ഥാനുമേൽ ഉപാധികൾ വച്ച് ഐഎംഎഫ്
Sunday, May 18, 2025 6:29 PM IST
വാഷിംഗ്ടൺ: സാമ്പത്തിക സഹായം നൽകുന്നതിൽ പാക്കിസ്ഥാനുമേൽ ഉപാധികൾ വച്ച് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്. ധനസഹായം നൽകാൻ പാക്കിസ്ഥാനു മുന്നിൽ 11 കർശന ഉപാധികളാണ് ഐഎംഎഫ് മുന്നോട്ടുവച്ചിരിക്കുന്നത്.
വാർഷിക ബജറ്റ് 17,60,000 കോടിയായി ഉയർത്തണമെന്നാണ് പ്രധാന ആവശ്യം. ഈ തുകയിൽ 1,07,000 കോടി വികസന പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കണം തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. ഇതോടെ ധനസഹായത്തിനായി പാക്കിസ്ഥാനു മുന്നിൽ ഐഎംഎഫ് വയ്ക്കുന്ന ഉപാധികൾ 50 ആയി.
വൈദ്യുതി ബില്ലിനത്തിലെ ബാധ്യത തീര്‍ക്കുന്നതിനായി സര്‍ചാര്‍ജ് വര്‍ധന, മൂന്ന് വര്‍ഷം പഴക്കമുള്ള ഉപയോഗിച്ച കാറുകളുടെ ഇറക്കുമതിക്ക് നിലവിലുള്ള നിയന്ത്രണങ്ങള്‍ നീക്കുക എന്നിവയും നിബന്ധനകളില്‍ ഉള്‍പ്പെടുന്നു.
പാക്കിസ്ഥാനിലെ എല്ലാ പ്രവിശ്യകളിലും കൃഷി വരുമാന നികുതി ജൂണിനു മുന്‍പ് നടപ്പാക്കണം, ഭരണപരമായ നയരൂപീകരണത്തിനു പ്രവർത്തന പദ്ധതി തയാറാക്കണം, ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട ദീര്‍ഘകാല പദ്ധതികളുടെ രൂപരേഖ തയാറാക്കണം.
ചെലവിന് അനുസൃതമായി ഇന്ധന നിരക്ക് ക്രമീകരണം തുടങ്ങിയ നിര്‍ദേശങ്ങളും ഐഎംഎഫ് മുന്നോട്ടുവയ്ക്കുന്നു.