കനത്ത മഴ: അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഇന്ന് ഉയർത്തും
Saturday, May 24, 2025 9:12 AM IST
തിരുവനന്തപുരം: വൃഷ്ടിപ്രദേശങ്ങളിലെ കനത്ത മഴയുടെ പശ്ചാത്തലത്തിൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഇന്ന് ഉയർത്തും. ഡാമിന്റെ ഒന്ന് മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ ആണ് ഇന്ന് രാവിലെ ഉയർത്തുന്നത്.
20 സെന്റിമീറ്റർ വീതം ആകെ 100 സെന്റിമീറ്റർ ആണ് ഉയർത്തുക. ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു.
തിരുവനന്തപുരം ജില്ലയിൽ വെള്ളിയാഴ്ച രാത്രി മുതൽ കനത്ത മഴ പെയ്യുകയാണ്. രാത്രി പെയ്ത കനത്ത മഴയിലും കാറ്റിലും നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണു. വെള്ളക്കെട്ടിൽ ഗതാഗതം പലയിടത്തും തടസപ്പെട്ടു.
വെള്ളയമ്പലം ആൽത്തറമൂട്ടിൽ റോഡിന് കുറുകെ മരച്ചില്ല ഒടിഞ്ഞുവീണു. വെള്ളയമ്പലത്ത് രാജ് ഭവന് സമീപം മരം ഒടിഞ്ഞു വീണും ഗതാഗതം തടസപ്പെട്ടു. കാട്ടാക്കട, മാറനല്ലൂർ, മൂങ്ങോട് എന്നിവിടങ്ങളിലും മരം കടപുഴകി വീണു.
മൂങ്കോട് അഗ്നിരക്ഷ സേന എത്തി മരം മുറിച്ചു നീക്കി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സമീപം മരം കടപുഴകി റോഡിലേക്ക് വീണു. ഇതേത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.