വേടനെതിരെ എന്‍ഐഎക്ക് പരാതി; അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം
Saturday, May 24, 2025 9:14 PM IST
പാലക്കാട്: റാപ്പർ വേടനെതിരെ എന്‍ഐഎക്ക് പരാതി നൽകിയതിൽ അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം. പാലക്കാട് നഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാറാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) പരാതി നൽകിയത്.
പാർട്ടിയോട് ആലോചിക്കാതെ പരാതി നൽകിയതിനാണ് ബിജെപി സംസ്ഥാന നേതൃത്വം അത്യപ്തി അറിയിച്ചത്. ഇത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. എന്ത് അടിസ്ഥാനത്തിലാണ് പരാതി നൽകിയതെന്ന് ബിജെപി സംസ്ഥാന നേതൃത്വം കൗണ്‍സിലറോട് ചോദിച്ചു.
ഇനി വേടൻ പ്രശ്നത്തിൽ പരസ്യ പ്രതികരണം നടത്തരുതെന്നും മിനിക്ക് സംസ്ഥാന നേതൃത്വം നിര്‍ദേശം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേടൻ പാട്ടിലൂടെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് കൗൺസിലർ എൻഐഎയ്ക്ക് പരാതി നൽകിയത്.
മോദിയെ കപട ദേശീയ വാദിയെന്ന് പറഞ്ഞ് അവഹേളിച്ചെന്ന് പരാതിയിൽ പറയുന്നു. അഞ്ചുവർഷം മുമ്പ് നടന്ന വേടന്റെ പരിപാടിയെക്കുറിച്ചാണ് പരാതി നൽകിയിരിക്കുന്നത്. പഴയ പാട്ടാണെങ്കിലും അത് ഇപ്പോഴാണ് സോഷ്യൽ മീഡിയായിൽ വൈറലായത്.