ആന്ധ്രയിൽ മൂന്നുവയസുകാരിയെ പീഡിപ്പിച്ചു കൊന്നു
Sunday, May 25, 2025 12:57 AM IST
അമരാവതി: ആന്ധ്രാപ്രദേശിൽ പഴം കാട്ടി പ്രലോഭിപ്പിച്ച് മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. 26 കാരനായ പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കഴിഞ്ഞ ദിവസം മാതാപിതാക്കളുമായി ഒരു കല്യാണത്തിനെത്തിയതായിരുന്നു മൂന്ന് വയസുകാരി. കല്യാണ വീടിന് മുന്നിൽ സുഹൃത്തുക്കളുമായി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രതി റഹ്മത്തുള്ള അടുത്തേക്ക് വന്നത്.
ഇയാൾ കൈയിലൊരു പഴം കരുതിയിരുന്നു. കുട്ടിക്ക് ഇത് നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി. ശേഷം തൊട്ടടുത്തുള്ള വിജനമായ സ്ഥലത്ത് വച്ച് പീഡിപ്പിച്ചു. പീഡനത്തിനിടെ കുട്ടി മരിച്ചെന്ന് ഉറപ്പായതോടെ ഇയാൾ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
കുട്ടിയെ കാണാനില്ലെന്ന് വ്യക്തമായതോടെ മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും തിരിക്കിയിറങ്ങി. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി റഹ്മത്തുളളയാണെന്ന് വ്യക്തമായി.
നാട്ടുകാർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇതിനിടെ മർദനശ്രമവുമുണ്ടായി. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു.