മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ചു; ജയിൽ ഉദ്യോഗസ്ഥർ അറസ്റ്റിൽ
Sunday, May 25, 2025 1:56 AM IST
ഗോഹട്ടി: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍.
ഹരേശ്വര്‍ കലിത, ഗജേന്ദ്ര കലിത എന്നിവരാണ് അറസ്റ്റിലായത്. ആസാമിലെ ശ്രീഭൂമി ജില്ലയിലാണ് സംഭവം. യുവതിയെ ജയില്‍ കോമ്പൗണ്ടിനുളളിലെ ക്വാട്ടേഴ്സിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തതാണ് എന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
നൈറ്റ് പട്രോളിംഗ് സംഘമാണ് പ്രതികളായ ജയില്‍ ഉദ്യോഗസ്ഥരെ പിടികൂടിയത്. നാല്‍പ്പത്തിയഞ്ചിനും അമ്പതിനുമിടയില്‍ പ്രായമുള്ളവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. ഇരുവരും ഗോഹട്ടി സ്വദേശികളാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ബലാത്സംഗത്തിനിരയായ യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. യുവതി തെരുവില്‍ ഒറ്റയ്ക്ക് നില്‍ക്കുകയായിരുന്നുവെന്നും പ്രതികള്‍ പ്രതികള്‍ സാഹചര്യം മുതലെടുക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.
വിവരം ലഭിച്ചയുടന്‍ പോലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ശ്രീഭൂമി അഡീഷണല്‍ പോലീസ് സൂപ്രണ്ട് പ്രണബ് ജ്യോതി കലിത പറഞ്ഞു.