ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
Monday, June 9, 2025 11:45 AM IST
കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കും. ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ഈ മേഖലയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിയമനിര്‍മാണം നടപ്പാക്കാനുദ്ദേശിക്കുന്ന സമയം സംബന്ധിച്ച് അറിയിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ നടത്താനുദ്ദേശിക്കുന്ന സിനിമ കോണ്‍ക്ലേവ് ഓഗസ്റ്റിലേക്ക് മാറ്റിയെന്ന് സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി.
കോണ്‍ക്ലേവ് വൈകുന്നത് നിയമനിര്‍മാണം വൈകുന്നതിന് ഇടയാക്കുമെന്ന ആശങ്ക ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചിട്ടുള്ള ഹര്‍ജിക്കാരും അറിയിച്ചിരുന്നു. ഇന്ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ സമയക്രമം സംബന്ധിച്ച വിശദീകരണം അറിയിക്കാനാണ് കോടതിയുടെ നിര്‍ദേശം.