വന്ദേഭാരത് ചെയർ കാർ നിർമാണം നിർത്തുന്നു
എസ്.ആർ. സുധീർ കുമാർ
Monday, June 9, 2025 8:57 PM IST
കൊല്ലം: വന്ദേ ഭാരത് ചെയർ കാർ ( ഇരിപ്പിടങ്ങൾ) കോച്ചുകളുടെ നിർമാണം ഘട്ടം ഘട്ടമായി നിർത്താൻ റെയിൽവേ ബോർഡ് തീരുമാനം.
പകരം രാത്രി യാത്രകൾക്കായി രൂപകൽപ്പന ചെയ്ത വന്ദേ സ്ലീപ്പർ കോച്ചുകളുടെ പുതിയ വേരിയന്റുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് റെയിൽ മന്ത്രാലയം പദ്ധതിയിടുന്നത്.
ചെയർ കാറുകൾ ഉള്ള 97 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ നിർമിക്കാൻ റെയിൽവേ ബോർഡ് നേരത്തേ പദ്ധതി തയാറാക്കിയിരുന്നു. ഇതിൽ 86 ട്രെയിനുകളുടെ നിർമാണം പൂർത്തിയാക്കി ബന്ധപ്പെട്ട സോണൽ റെയിൽവേ അധികൃതർക്ക് കൈമാറുകയും ചെയ്തു.
2026 ഏപ്രിലോടെ ബാക്കിയുള്ള 11 ചെയർ കാർ ട്രെയിനുകളുടെ നിർമാണം കൂടി പൂർത്തിയാക്കി ബന്ധപ്പെട്ടവർക്ക് കൈമാറാനാണ് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി അധികൃതർ തീരുമാനിച്ചിട്ടുള്ളത്. അതിനു ശേഷം ചെയർ കാർ നിർമാണം നിർത്തിവയ്ക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
അതേസമയം സമാന്തരമായി ബംഗളുരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡുമായി സഹകരിച്ച് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ വന്ദേ സ്ലീപ്പർ കോച്ചുകളുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്.
ആകെ 60 വന്ദേ സ്ലീപ്പർ റേക്കുകൾ നിർമിക്കാനാണ് പദ്ധതി. ഇതിൽ 10 റേക്കുകൾ എത്രയും വേഗം നിർമാണം പൂർത്തിയാക്കി കമ്മീഷനിംഗ് നടത്താനാണ് ലക്ഷ്യമിടുന്നത്.