അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങിയ ജവാനെ അടിച്ചുകൊലപ്പെടുത്തി
Thursday, June 12, 2025 5:03 AM IST
ജയ്പുർ: രാജസ്ഥാനിൽ ജവാനെ യുവാക്കൾ അടിച്ചുകൊലപ്പെടുത്തി. ജുൻജുനു ജില്ലയിലെ സൂരജ്ഗഡ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പലോട്ട കാ ബാസ് ഗ്രാമത്തിൽ ഹവിൽദാർ വിക്രം സിംഗ്(40) ആണ് മരിച്ചത്.
അവധിക്ക് നാട്ടിലെത്തിയ വിക്രം സിംഗ് ഡ്യൂട്ടിയിൽ ചേരാൻ വീട്ടിൽ നിന്ന് പോകുന്നതിനിടെയാണ് സംഭവം.
18 രാജ് റൈഫിൾസിൽ സേവനമനുഷ്ടിക്കുന്ന വിക്രം, പഞ്ചാബിലെ അബോഹറിൽ ആണ് ജോലി ചെയ്തിരുന്നത്. അവധി ലഭിച്ച അദ്ദേഹം ജൂൺ ഏഴിനാണ് ഗ്രാമത്തിലെത്തിയത്. അവധി കഴിഞ്ഞ് പഞ്ചാബിലേക്ക് മടങ്ങാൻ ചൊവ്വാഴ്ച രാത്രി വീട്ടിൽ നിന്നിറങ്ങിയ വിക്രമിനെ കാറിലെത്തിയ രണ്ടുപേർ തടഞ്ഞു.
പ്രതികൾ വിക്രമിനെ ബലമായി കാറിൽ കയറ്റി ഒരു വീട്ടിലേക്ക് കൊണ്ടുപോയി ക്രൂരമായി ആക്രമിച്ചു. പിന്നീട്, അവർ വിക്രമിനെ ഗുരുതരാവസ്ഥയിൽ വീടിന് പുറത്ത് ഉപേക്ഷിച്ചു. വിവരം ലഭിച്ചയുടനെ വിക്രമിന്റെ കുടുംബം സ്ഥലത്തെത്തി അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ അവിടെയെത്തിയെങ്കിലും വിക്രം മരിച്ചിരുന്നു.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തതായി സ്റ്റേഷൻ ഓഫീസർ ഹേംരാജ് മീണ സ്ഥിരീകരിച്ചു. സംഭവത്തിൽ രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.