കേരള സര്‍വകലാശാലാ സെനറ്റ് ഇന്ന്; ഗവര്‍ണര്‍ പങ്കെടുക്കും
Tuesday, June 17, 2025 8:50 AM IST
തിരുവനന്തപുരം: ഇന്നു നടക്കുന്ന കേരള സര്‍വകലാശാലാ സെനറ്റില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പങ്കെടുക്കും. സെനറ്റ് യോഗത്തിലെ ആദ്യ അജണ്ടയായി നിശ്ചയിച്ചിട്ടുള്ളത് ഗവര്‍ണറുടെ പ്രസംഗമാണ്.
സിന്‍ഡിക്കറ്റിലേക്കുള്ള വിദ്യാര്‍ഥി പ്രതിനിധി തെരഞ്ഞെടുപ്പിന്റെ വോട്ടിംഗും ഇന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ ചാന്‍സലര്‍ (ഗവര്‍ണര്‍), പ്രൊ ചാന്‍സലര്‍ (ഉന്നതവിദ്യാഭ്യാസ മന്ത്രി), വൈസ് ചാന്‍സലര്‍ എന്നിവരടക്കം 96 പേര്‍ക്ക് വോട്ടവകാശമുണ്ട്.
എന്നാല്‍, സാധാരണയായി ചാന്‍സലറും പ്രൊ ചാന്‍സലറും യോഗത്തില്‍ പങ്കെടുക്കാറില്ല. കേരള സര്‍വകലാശാലാ സിന്‍ഡിക്കറ്റിലെ വിദ്യാര്‍ഥി പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള വോട്ടിംഗ് ഇന്നു രാവിലെ 8.30 മുതല്‍ 10 വരെയാണ് നടക്കുന്നത്. ഇന്നുതന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും. കെഎസ്യു പ്രതിനിധിയായി മുഹമ്മദ് ഷിനാസ് ബാബു, എസ്എഫ്ഐക്കുവേണ്ടി വൈഭവ് ചാക്കോ എന്നിവരാണ് മത്സരിക്കുന്നത്.
ഇന്ന് ഉച്ചകഴിഞ്ഞ് 1.30ന് രാജ്ഭവനില്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗവും ചേരുന്നുണ്ട്. അധ്യാപക നിയമനം, പരീക്ഷാ നടത്തിപ്പ്, ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിഷയങ്ങള്‍ എന്നിവ ചര്‍ച്ചയാകുമെന്നാണ് സൂചന.