മഹാരാഷ്ട്രയിൽ യുവാവിനെ കല്ലെറിഞ്ഞു കൊന്നു
Tuesday, July 1, 2025 11:12 PM IST
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂർ നഗരത്തിൽ ആൾക്കൂട്ടത്തിനിടയിലേക്ക് ബൈക്ക് ഇടിച്ചു കയറിയെന്ന കാരണത്താൽ യുവാവിനെ കല്ലെറിഞ്ഞു കൊന്നു. തിങ്കളാഴ്ച രാത്രി നാരാ ഘട്ടിന് സമീപമാണ് സംഭവം നടന്നത്.
സ്വപ്നിൽ ഗോസ്വാമി(32) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്വപ്നിൽ ഗോസ്വാമി ഓടിച്ച ബൈക്ക് നാലുപേരെ ഇടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു.
തുടർന്ന് നാലുപേരും സ്വപ്നിലിന് നേരെ കല്ലെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിക്കുകയായിരുന്നു.
പ്രതികളിൽ ഭൂപേഷ് വഞ്ജരി (27), രവി ബാനർജി (27) എന്നിവരെ അറസ്റ്റ് ചെയ്തതായും മറ്റ് രണ്ട് പേർ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. ജരിപട്ക പോലീസ് സ്റ്റേഷനിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.