ഡോ.മോഹൻ കുന്നുമ്മൽ റഷ്യയിലേക്ക്; സിസ തോമസിന് കേരള സര്‍വകലാശാല വിസിയുടെ ചുമതല
Wednesday, July 2, 2025 11:36 PM IST
തിരുവനന്തപുരം: കേരള സർവകലാശാല വിസി ഡോ.മോഹന്‍ കുന്നുമ്മല്‍ റഷ്യന്‍ സന്ദര്‍ശനത്തിനു പോകുന്നതിനാൽ ഡോ.സിസ തോമസിന് വിസിയുടെ അധികചുമതല നൽകി. ഇതു സംബന്ധിച്ച് ഗവർണർ ഉത്തരവിറക്കി.
ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട് കേരള സര്‍വകലാശാലയില്‍ വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് ഡോ.സിസ തോമസിന് അധികചുമതല നൽകിയത്. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശപ്രകാരം സാങ്കേതിക സര്‍വകലാശാല വിസി സ്ഥാനം സിസ തോമസ് ഏറ്റെടുത്തത് സർക്കാർ എതിർത്തിരുന്നു.
സര്‍ക്കാര്‍ തടഞ്ഞുവച്ച സിസയുടെ പെന്ഷന് ആനുകൂല്യങ്ങള്‍ ഏറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ അടുത്തിടെയാണ് നല്‍കിയത്. ഇതിനു പിന്നാലെയാണ് കേരള സര്‍വകലാശാല വിസിയുടെ അധികചുമതല കൂടി നല്‍കിയിരിക്കുന്നത്.
ജൂലൈ എട്ടാം തീയതി വരെയാണ് സിസ തോമസിന് കേരള സർവകലാശാല വിസിയുടെ ചുമതല നൽകിയിരിക്കുന്നത്.