ഒരുക്കങ്ങളെല്ലാം പൂർണം; കെസിഎല്‍ താരലേലം ഇന്ന്
Saturday, July 5, 2025 7:30 AM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ട്വന്റി-20 സീസൺ 2025 താര ലേലം ഇന്ന്. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ രാവിലെ 10 മുതൽ വൈകുന്നേരം ആറുവരെ നടത്തുന്ന ലേലത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കെസിഎൽ ഭാരവാഹികൾ പറഞ്ഞു.
ലേലനടപടികൾ സ്റ്റാർ ത്രീ ചാനലിലൂടെയും ഫാൻകോഡ് ആപ്പിലൂടെയും തത്സമയം സംപ്രേഷണം ചെയ്യും. ഐപിഎൽ താരലേലം നിയന്ത്രിച്ചിട്ടുള്ള ചാരു ശർമ്മയാണ് ലേല നടപടികൾക്ക് നേതൃത്വം നൽകുന്നത്. കെസിഎൽ പ്രഥമ സീസണിൽ ഇല്ലാതിരുന്ന സഞ്ജു സാംസൺ ഇത്തവണയുണ്ട്.
ലേലത്തിൽ സഞ്ജുവിനെ ഏതു ടീം സ്വന്തമാക്കും എന്നതിനാണ് ആരധാകരുടെ കാത്തിരിപ്പ്. എ, ബി, സി കാറ്റഗറിയിലായി 155 കളിക്കാരാണ് ഇന്നത്തെ ലേലത്തിനായുള്ളത്. ബിസിസിഐ ഫസ്റ്റ് ക്ലാസ്, ലിസ്റ്റ്എ, ഐപിഎൽ എന്നിവയിൽ കളിച്ചിട്ടുള്ള താരങ്ങളെയാണ് എ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മൂന്ന് ലക്ഷം രൂപയാണ് ഇവരുടെ അടിസ്ഥാന തുക.
അണ്ടർ 19, അണ്ടർ 23 വിഭാഗങ്ങളിൽ കളിച്ച ബി കാറ്റഗറിയിലെ താരങ്ങൾക്ക് ഒരു ലക്ഷവും ജില്ലാ, സോണൽ, കെസിഎ ടൂർണമെന്റുകളിൽ കളിച്ച സി കാറ്റഗറിയിലെ അംഗങ്ങൾക്ക് 75000വുമാണ് അടിസ്ഥാന തുക.