തി​രു​വ​ന​ന്ത​പു​രം: ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ബ്രി​ട്ടീ​ഷ് യു​ദ്ധ​വി​മാ​ന​മാ​യ എ​ഫ്-35 ബി ​അ​റ്റ​കു​റ്റ​പ​ണി ചെ​യ്ത് കൊ​ണ്ടു​പോ​കാ​ന്‍ ​ബ്രി​ട്ട​ണി​ല്‍​നി​ന്നു​ള്ള വി​ദ​ഗ്ധ സം​ഘ​മെ​ത്തി. ബ്രി​ട്ടി​ഷ് വ്യോ​മ​സേ​ന​യു​ടെ ട്രാ​ൻ​സ്പോ​ർ​ട്ട് വി​മാ​ന​മാ​യ എ​യ​ർ​ബ​സ് 400 വി​മാ​ന​ത്തി​ലാ​ണ് 17 അം​ഗ സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്ത് പ​റ​ന്നി​റ​ങ്ങി​യ​ത്.

തി​രു​വ​ന​ന്ത​പു​രം ചാ​ക്ക​യി​ലെ എ​യ​ര്‍ ഇ​ന്ത്യ ഹാ​ങ്ങ​റി​ല്‍ വി​മാ​ന​മെ​ത്തി​ച്ച് ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തും. അ​ത് വി​ജ​യി​ച്ചി​ല്ലെ​ങ്കി​ൽ എ​ഫ്-35 ബി​യു​ടെ ചി​റ​കു​ക​ള്‍ അ​ഴി​ച്ചു​മാ​റ്റി​യ ശേ​ഷം സൈ​നി​ക വി​മാ​ന​ത്തി​ല്‍ ബ്രി​ട്ട​ണി​ലേ​ക്കു കൊ​ണ്ടു​പോ​കാ​നാ​ണ് തീ​രു​മാ​നം.

ഇ​ന്ന് വൈ​കു​ന്നേ​രം നാ​ല് വ​രെ​യാ​ണ് എ​യ​ർ​ബ​സ് 400ന് ​ഇ​ന്ത്യ​യി​ൽ തു​ട​രാ​ൻ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​തി​നു​ള്ളി​ൽ വി​മാ​നം തി​രി​കെ പോ​കും. എ​ൻ​ജി​നീ​യ​ർ​മാ​ർ ഇ​വി​ടെ തു​ട​രും.

ഇ​വ​ർ ഒ​രാ​ഴ്ച​യോ​ളം കേ​ര​ള​ത്തി​ല്‍ തു​ട​രു​മെ​ന്നാ​ണ് സൂ​ച​ന. അ​റ​ബി​ക്ക​ട​ലി​ല്‍ ന​ങ്കൂ​ര​മി​ട്ടി​രു​ന്ന എ​ച്ച്എം​എ​സ് പ്രി​ന്‍​സ് ഓ​ഫ് വെ​യി​ല്‍​സ് എ​ന്ന വി​മാ​ന​വാ​ഹി​നി ക​പ്പ​ലി​ല്‍​നി​ന്ന് പ​റ​ന്നു​യ​ര്‍​ന്ന വി​മാ​നം ജൂ​ണ്‍ 14-നാ​ണ് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ക്കി​യ​ത്.