ക്ഷേത്രമേളയ്ക്കിടെ ആകാശത്തേക്ക് വെടിവച്ചു; ബിജെപി എംഎൽഎയുടെ മകനെതിരെ കേസ്
Monday, July 7, 2025 6:22 AM IST
ബംഗളൂരു: കർണാടകയിൽ ക്ഷേത്രമേളയ്ക്കിടെ ആകാശത്തേക്ക് വെടിയുതിർത്ത ബിജെപി എംഎൽഎയും മുൻമന്ത്രിയുമായ രമേശ് ജാർക്കിഹോളിയുടെ മകൻ സന്തോഷ് ജാർക്കിഹോളിക്കെതിരെ പോലീസ് കേസ്.
ബെലഗാവിയിലെ ഗോകക്കിലെ ലക്ഷ്മി ദേവിക്ഷേത്രത്തിൽ ഉത്സവത്തിനിടെയാണ് സംഭവം. ജനക്കൂട്ടത്തിനിടയിൽനിന്ന് സന്തോഷ് ആകാശത്തേക്കു വെടിയുതിർത്ത് ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
തുടർന്ന് ഗോകക്ക് ടൗണ്‍ പോലീസ് സന്തോഷ് ജാർക്കിഹോളിക്കെതിരെ എഫ്ഐആർ റജിസ്റ്റര്‍ ചെയ്തു. പൊതുനിരത്തിൽ നിയമവിരുദ്ധമായി തോക്ക് ഉപയോഗിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. സന്തോഷ് ജാർക്കിഹോളിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വിഷയം ഗൗരവമായി കണക്കാക്കുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര മാധ്യമങ്ങളോട് പറഞ്ഞു. ‘പരാതി രേഖപ്പെടുത്തിയിട്ടുണ്ട്, അതിനനുസരിച്ച് നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കും. പോലീസ് കൃത്യമായി നടപടികൾ സ്വീകരിക്കും’– അദ്ദേഹം വ്യക്തമാക്കി.