ഏഷ്യയിലെ ഏറ്റവും പ്രായംകൂടിയ ആന വത്സല ചരിഞ്ഞു
Wednesday, July 9, 2025 5:25 AM IST
ഭോപ്പാൽ: ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ പെൺ ആനയായ വത്സല ചരിഞ്ഞു. മധ്യപ്രദേശിലെ പന്ന ടൈഗർ റിസർവിൽ (പിടിആർ) വച്ച് ചൊവ്വാഴ്ചയാണ് അന്ത്യം.
ആന്തരിക അവയവങ്ങൾ തകരാറിലായതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു ആന. പന്നയിലെ ഏറ്റവും പ്രായം കൂടിയതും എല്ലാവർക്കും പ്രിയപ്പെട്ടതുമായ ആന ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു.
വനം ജീവനക്കാരുടെയും വന്യജീവി സ്നേഹികളുടെയും ഇടയിൽ "ഡാഡി' എന്നും "ഡായി മാ' എന്നും വിളിപ്പേരുണ്ടായിരുന്ന ആനയ്ക്ക് 100ന് മുകളിൽ പ്രായമുണ്ടായിരുന്നു.
കേരളത്തിലെ നിലമ്പൂരിലാണ് വത്സലയുടെ ജനനം. ആദ്യ കാലങ്ങളിൽ തടി പിടിക്കാനാണ് വത്സലയെ ഉപയോഗിച്ചിരുന്നത്. 1971-ൽ മധ്യപ്രദേശിലെ ഹോഷംഗാബാദിലേക്ക് കൊണ്ടുവരികയും പിന്നീട് 1993-ൽ പന്ന ടൈഗർ റിസർവിലേക്ക് മാറ്റുകയുമായിരുന്നു. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ആനയായിരുന്നു വത്സല.