വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിൽ വീണു, രണ്ടു മരണം
Wednesday, July 9, 2025 11:08 AM IST
ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്നുവീണ് രണ്ടു മരണം. വഡോദരയിലെ പദ്ര താലൂക്കിലെ മുജ്പുരിനടുത്താണ് അപകടം. മധ്യഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന 30 വർഷത്തിലധികം പഴക്കമുള്ള ഗംഭിറ പാലമാണ് മഹി സാഗർ നദിയിലേക്ക് തകർന്നുവീണത്.
പാലത്തിനു പിന്നാലെ രണ്ട് ട്രക്കുകളും ഒരു പിക്അപ്പ് വാനും ഉൾപ്പെടെ നാലു വാഹനങ്ങളും നദിയിലേക്ക് വീണു. വാഹനത്തിൽ ഉണ്ടായിരുന്ന മൂന്നു പേരെ രക്ഷപ്പെടുത്തി. അപകടം നടക്കുമ്പോൾ പാലത്തിൽ കാര്യമായ ട്രാഫിക് ഉണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ പാലം ‘സൂയിസൈഡ് പോയിന്റ്’ എന്ന പേരിൽ പ്രസിദ്ധമാണ്. പാലം തകർന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അൻക്ലേശ്വർ എന്നിവിടങ്ങളുമായുള്ള ബന്ധം മുറിഞ്ഞു.