യൂത്ത് കോൺഗ്രസ് നേതാവിന് മർദനം; പോലീസുകാർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം
Thursday, July 10, 2025 6:53 PM IST
തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവിനെ കള്ളക്കേസിൽ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽവച്ച് മർദിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം. കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെയാണ് നടപടി.
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ മർദിച്ച സംഭവത്തിൽ കുന്നംകുളം പോലീസ് സ്റ്റേഷനിലെ നാല് പോലീസുകാർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്യുക. സബ് ഇൻസ്പെക്ടർ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് പ്രതികൾ.
2023 ഏപ്രിൽ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. പോലീസുകാരും സുജിത്തും തമ്മിൽ ചൊവ്വന്നൂരിൽ വച്ച് തർക്കമുണ്ടായിരുന്നു. തുടർന്ന് സുജിത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലെത്തിച്ച് മർദിക്കുകയായിരുന്നു. തുടർന്ന് മദ്യപിച്ച് ബഹളം വച്ചതിന് കേസ് ചുമത്തി.
എന്നാൽ വൈദ്യ പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന് ബോധ്യമായി. ഇതോടെ കോടതി ജാമ്യം നൽകി. തുടർന്ന് സുജിത്ത് കോടതിയിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകുകയായിരുന്നു.
സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പോലീസുകാർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം നൽകിയത്.