ടെന്നീസ് താരം രാധിക യാദവ് കൊല്ലപ്പെട്ടു; പിതാവ് അറസ്റ്റിൽ
Thursday, July 10, 2025 7:31 PM IST
ഗുരുഗ്രാം: ടെന്നീസ് താരമായ യുവതിയെ വെടിവെച്ചുകൊന്ന കേസിൽ പിതാവ് അറസ്റ്റിൽ. ഹരിയാന താരം രാധിക യാദവ് (25) കൊല്ലപ്പെട്ട സംഭവത്തിലാണ് പിതാവ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ 10.30ന് ഗുരുഗ്രാമിലെ സെക്ടര്‍ 57ലെ സുശാന്ത് ലോക് രണ്ടാം ഫേയ്സിലെ വീട്ടിൽവച്ചായിരുന്നു സംഭവം.
വീട്ടിലെ ഒന്നാം നിലയില്‍ വെച്ച് രാധികയ്ക്കു നേരേ പിതാവ് അഞ്ചു തവണ നിറയൊഴിക്കുകയായിരുന്നു. ഇതില്‍ മൂന്ന് ബുള്ളറ്റുകള്‍ യുവതിയുടെ ശരീരത്തില്‍ തുളഞ്ഞുകയറി. ശബ്ദം കേട്ട് എത്തിയവര്‍ യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അതേസമയം കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണം നടത്തേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന തോക്ക് പ്രതിയിൽ നിന്ന് പിടിച്ചെടുത്തു.
സംസ്ഥാന തലത്തില്‍ നിരവധി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള രാധിക നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.