പോര് തുടരുന്നു; രജിസ്ട്രാർക്ക് ഫയലുകൾ നൽകരുതെന്ന വിസിയുടെ നിർദേശം നടപ്പായില്ല
Thursday, July 10, 2025 8:19 PM IST
തിരുവനന്തപുരം: കേരളാ സർവകലാശാലയിൽ വൈസ് ചാൻസലറും രജിസ്ട്രാറും ഭാരതാംബ ചിത്രവിവാദത്തിൽ ആരംഭിച്ച ഏറ്റുമുട്ടൽ തുടരുന്നു. രജിസ്ട്രാർക്ക് ഇ-ഫയലുകൾ നൽകരുതെന്ന വൈസ് ചാൻസലർ മോഹൻ കുന്നുമ്മലിന്റെ രണ്ടാം നിർദേശവും നടപ്പായില്ല.
ഈ നിർദേശവും സിൻഡിക്കേറ്റ് തള്ളി. അതിനിടെ രജിസ്ട്രാർ അനിൽകുമാറിനെതിരെ സർവകലാശാല സെക്യൂരിറ്റി സൂപ്രണ്ട് വിസിക്ക് റിപ്പോർട്ട് നൽകി. സസ്പെൻഷനിലുള്ള അനിൽകുമാർ രജിസ്ട്രാറുടെ മുറിയിൽ അതിക്രമിച്ചു കയറിയെന്നാണ് വിസിക്കും ജോയിന്റ് രജിസ്ട്രാർക്കും നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
രജിസ്ട്രാറുടെ ചുമതല പ്ലാനിംഗ് ഡയറക്ടർക്ക് നൽകി വിസി ഉത്തരവിറക്കി. അനിൽകുമാറിനെ ഓഫീസിൽ കയറ്റരുതെന്ന് നിർദേശം നൽകിയിരുന്നു. അതേസമയം അനിൽകുമാർ വഴി വരുന്ന ഫയലുകൾ തനിക്ക് അയക്കേണ്ടെന്ന് വിസി നിർദേശം നൽകി.
രജിസ്ട്രാർ അയക്കുന്ന ഫയലുകൾ മാറ്റിവയ്ക്കണം. അടിയന്തരാവശ്യമുള്ള ഫയലുകൾ തനിക്ക് നേരിട്ട് അയക്കാനും ജോയിന്റ് രജിസ്ട്രാർക്ക് വിസി നിർദേശം നൽകി. വിസിയുടെ രണ്ട് നിർദേശവും നടപ്പാക്കാത്തതിന് പിന്നാലെയാണ് മൂന്നാം നിർദേശം നൽകിയത്.