നിപ്പ പ്രതിരോധ പ്രവർത്തനം: കേന്ദ്ര വിദഗ്ധസംഘം പാലക്കാട്ടെത്തി
Saturday, July 12, 2025 1:18 AM IST
പാലക്കാട്: നിപ്പ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര വിദഗ്ധസംഘം ( നാഷണൽ ജോയിന്റ് ഔട്ട്ബ്രേക്ക് റെസ്പോൺസ് ടീം) പാലക്കാട്ടെത്തി മണ്ണാർക്കാട്ട് അവലോകനയോഗം നടത്തി.
അഡീഷണൽ ഡയറക്ടർ ഓഫ് പബ്ലിക് ഹെൽത്ത് ഡോ. കെ.പി. റീത്ത, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണവകുപ്പ്, പോലീസ്, വനസംരക്ഷണവകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ, തച്ചനാട്ടുകര, കരിമ്പുഴ പഞ്ചായത്തുകളിലെ ആരോഗ്യവകുപ്പിലെയും മറ്റ് അനുബന്ധ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്നു തച്ചനാട്ടുകര, കരിമ്പുഴ പഞ്ചായത്തുകളിലെ പ്രദേശങ്ങൾ സംഘം സന്ദർശിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു. നിപ്പ രോഗബാധിതയുടെ റൂട്ട്മാപ്പിലുള്ള മണ്ണാർക്കാട് നഴ്സിംഗ് ഹോം , പാലോട് മെഡി സെന്റർ എന്നിവിടങ്ങൾ സന്ദർശിച്ച് സംഘം വിവരശേഖരണം നടത്തി.
കരിമ്പുഴ, തച്ചനാട്ടുകര പഞ്ചായത്തുകളിലെ കണ്ടെയ്ൻമെന്റ് സോൺ പ്രദേശങ്ങളിൽനിന്നു കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു നായ്ക്കളുടെ ജഡം കണ്ടെത്തുകയും ഇതു വിദഗ്ധപരിശോധനയ്ക്കായി മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ സാമ്പിളുകളെടുത്തു പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ ഒരു നായയിൽനിന്ന് അഞ്ച് ടിഷ്യൂ സാമ്പിളുകൾ, 27 സിറം സാമ്പിളുകൾ, രണ്ട് വവ്വാലുകളുടെ സാമ്പിൾ എന്നിവ പരിശോധനയ്ക്കായി ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസിലേക്ക് അയച്ചിട്ടുമുണ്ട്.
ജില്ലയിൽ നിലവിൽ ഒരു രോഗിക്കുമാത്രമാണ് നിപ്പ സ്ഥിരീകരിച്ചിട്ടുള്ളത്. പാലക്കാട് ഗവ. മെഡിക്കൽ കോജിൽ ഐസൊലേഷനിൽ കഴിയുന്ന അഞ്ചുപേരുടെ സാമ്പിൾ പരിശോധനാഫലം നെഗറ്റീവാണ്. ജില്ലയിൽ 178 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.