ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയെ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി
Saturday, July 12, 2025 3:06 AM IST
മംഗളുരു: ധർമസ്ഥലയിൽ ലൈംഗികാതിക്രമങ്ങൾക്കു വിധേയരായി കൊല്ലപ്പെട്ട നിരവധി സ്ത്രീകളുടെയും വിദ്യാർഥിനികളുടെയും മൃതദേഹങ്ങൾ സംസ്കരിക്കാൻ നിർബന്ധിതനായിരുന്നതായി വെളിപ്പെടുത്തിയ മുൻ ശുചീകരണ തൊഴിലാളിയെ ബൽത്തങ്ങാടി ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി.
വെള്ളിയാഴ്ച വൈകുന്നേരം 4.30ഓടെയാണ് പോലീസിനും അഭിഭാഷകർക്കുമൊപ്പം ഇദ്ദേഹത്തെ മുഖംമറച്ചുകൊണ്ട് കോടതിയിലെത്തിച്ചത്. മൊഴി രേഖപ്പെടുത്തുമ്പോൾ ഇദ്ദേഹത്തിന്റെ അഭിഭാഷകരെ അകത്തുകടക്കാൻ കോടതി അനുവദിക്കാതിരുന്നതിൽ പ്രതിഷേധമുയർന്നു.
വെളിപ്പെടുത്തലുകൾ നടത്തിയ വ്യക്തി നിരക്ഷരനാണെന്നും കോടതിയുടെ നടപടിക്രമങ്ങൾ അറിയാത്ത ആളാണെന്നും ഇദ്ദേഹത്തോടൊപ്പം ഒരു അഭിഭാഷകനെയെങ്കിലും അനുവദിക്കാതിരുന്നത് ഖേദകരമാണെന്നും അഭിഭാഷകരായ ഓജസ്വി ഗൗഡയും സച്ചിൻ ദേശ്പാണ്ഡെയും പറഞ്ഞു.
ബിഎൻഎസ് സെക്ഷൻ 183 പ്രകാരമാണ് കോടതി പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയത്. മൃതദേഹാവശിഷ്ടങ്ങളുടെ ചിത്രങ്ങളുൾപ്പെടെ ഏതാനും തെളിവുകളും ഇദ്ദേഹം കോടതി മുമ്പാകെ ഹാജരാക്കിയതായാണ് സൂചന. പരാതിക്കാരന് സാക്ഷിയെന്ന നിലയിലുള്ള സംരക്ഷണം ഉറപ്പുവരുത്താനും കോടതി നിർദേശിച്ചു.