അമ്പത് ലഹരി ഗുളികകൾ വിഴുങ്ങി; ബ്രസീലിയൻ ദമ്പതികൾ പിടിയിൽ
Saturday, July 12, 2025 4:49 PM IST
കൊച്ചി: ലഹരി ഗുളികകൾ വിഴുങ്ങിയ ബ്രസീലിയൻ ദമ്പതികളെ നെടുമ്പാശേരിയിൽ നിന്ന് ഡിആർഐ അറസ്റ്റ് ചെയ്തു. കൊക്കൈനോ ഹെറോയിനോയാണ് ഇരുവരും വിഴുങ്ങിയതെന്നും 50 ഓളം ഗുളികകളാണ് ഒരാൾ മാത്രം വിഴുങ്ങിയതെന്നും അധികൃതർ പറഞ്ഞു.
ബ്രസീലിലെ സാവോപോളോയിൽ നിന്നാണ് ഇവർ കൊച്ചിയിൽ എത്തിയത്. ശനിയാഴ്ച രാവിലെ 8.45ന് നെടുമ്പാശേരിയിൽ എത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്. ലഹരിക്കടത്ത് സംശയത്തെത്തുടര്‍ന്ന് ഇവരെ വിശദമായി പരിശോധിച്ചിരുന്നു.
എന്നാല്‍ ഇവരുടെ ബാഗുകളില്‍ നിന്ന് ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് സംശയം തോന്നി സ്കാനിംഗിന് വിധേയമാക്കിയതോടെയാണ് ശരീരത്തിനുള്ളില്‍ ക്യാപ്സ്യൂളുകള് കണ്ടെത്തിയത്. ലഹരി ഗുളികകൾ പുറത്തെടുക്കുന്നതിനായി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുളികകൾ പുറത്തെടുത്തശേഷം ഇവരെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് അധികൃതർ. തിരുവനന്തപുരത്തെ ഹോട്ടലിൽ ഇവർ മുറി ബുക്ക് ചെയ്തിരുന്നതായി അധികൃതർ കണ്ടെത്തി.
കൊച്ചിയില്‍ വിമാനമിറങ്ങി തിരുവനന്തപുരത്തുവെച്ച് ലഹരിമരുന്ന് കൈമാറാനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നാണ് കരുതുന്നത്. ഇവരുടെ ഫോണ്‍വിളി വിവരങ്ങളടക്കം ഡിആര്‍ഐ സംഘം പരിശോധിച്ചുവരികയാണ്.