ട്രാക്കിൽ വിള്ളൽ: തിരുവള്ളൂർ ട്രെയിൻ തീപിടിത്തത്തിനു പിന്നിൽ അട്ടിമറിയെന്ന് സംശയം
Sunday, July 13, 2025 1:35 PM IST
തിരുവള്ളൂർ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ചരക്കുട്രെയിൻ അപകടമുണ്ടായതിന് പിന്നിൽ അട്ടിമറിശ്രമമെന്ന് സംശയം. അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെ ട്രാക്കിൽ വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, അപകടകാരണത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് അധികൃതർ അറിയിച്ചു.
അപകടത്തിനു പിന്നാലെ റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. അപകടത്തെക്കുറിച്ച് റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു.
തിരുവള്ളൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് ചരക്കു ട്രെയിനിന് തീപിടിച്ച് അപകടമുണ്ടായത്. ഡീസലുമായി പോവുകയായിരുന്ന ട്രെയിനിന്റെ അഞ്ചു ബോഗികൾ കത്തിനശിച്ചു. പത്തിലധികം ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
അപകടത്തിൽപ്പെട്ട ട്രെയിനിലെ തീ 70 ശതമാനത്തോളം നിയന്ത്രിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ട്രെയിനിൽ 27,000 ലിറ്റർ ഡീസൽ ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.