വിവാഹമോചനക്കേസില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി പരിഗണിക്കാം; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി
Monday, July 14, 2025 11:48 AM IST
ന്യൂഡല്‍ഹി: വിവാഹമോചനക്കേസില്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്ത പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി പരിഗണിക്കാമെന്ന് സുപ്രീംകോടതി. ഇത് തെളിവായി സ്വീകരിക്കാനാവില്ലെന്ന ഹൈക്കോടതി ഉത്തരവ് കോടതി റദ്ദാക്കി.
മൗലികാവകകാശ ലംഘനത്തിന്റെ പേരില്‍ തെളിവ് മാറ്റി നിര്‍ത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ നടന്ന വിവാഹമോചനക്കേസിന്റെ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.
ഭാര്യ അറിയാതെ റെക്കോര്‍ഡ് ചെയ്ത സംഭാഷണം തെളിവായി സമര്‍പ്പിച്ചെങ്കിലും ഇത് തെളിവായി കണക്കാക്കാനാവില്ലെന്ന് കോടതി നിലപാടെടുക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്താണ് ഭര്‍ത്താവ് സുപ്രീംകോടതിയെ സമീപിച്ചത്.
ജസ്റ്റീസ് ബി.വി.നാഗരത്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിവാഹമോചനക്കേസുകളില്‍ പങ്കാളികള്‍ തമ്മിലുള്ള പരസ്പര വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തില്‍ റെക്കോര്‍ഡ് ചെയ്യുന്ന ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് കോടതി വ്യക്തമാക്കി.