പ്രാർഥനകൾ ഫലം കാണുന്നു: നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് പുറത്തുവിട്ട് കാന്തപുരം
Tuesday, July 15, 2025 3:00 PM IST
കൊച്ചി: യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് ഔദ്യോഗികമായി ലഭിച്ചെന്ന് സുന്നി നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. വിധിപ്പകർപ്പ് അദ്ദേഹം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. പ്രാർഥനകൾ ഫലം കാണുന്നു എന്നും അദ്ദേഹം കുറിച്ചു.
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ ഇടപെടലിലാണ് യെമനിൽ നിർണായക ചർച്ചകൾ ആരംഭിച്ചത്. കാന്തപുരത്തിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് യെമനിലെ പ്രസിദ്ധ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണു ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
ബുധനാഴ്ചയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്ന ദിവസമെന്നിരിക്കെ ഇന്നത്തെ ചർച്ചകൾ അതീവ നിർണായകമായിരുന്നു. യമനിലെ ദമാറിൽ തുടരുന്ന മധ്യസ്ഥ സംഘം ഇന്ന് തലാലിന്റെ ബന്ധുക്കളെയും ഗോത്ര നേതാക്കളെയും വീണ്ടും കണ്ടു. ഈ ചർച്ചയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
തെക്കൻ യെമനിലെ ഗോത്രകേന്ദ്രത്തിൽ തിങ്കളാഴ്ച നടന്ന ചർച്ചയിൽ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാന് അലി മഷ്ഹൂര്‍, യെമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്, ഗോത്ര തലവന്മാര് എന്നിവരാണ് പങ്കെടുത്തത്.