ആലപ്പുഴയിൽ കാൽനടയാത്രക്കാരൻ സ്വകാര്യ ബസിടിച്ച് മരിച്ചു
Wednesday, July 16, 2025 10:12 PM IST
ആലപ്പുഴ: ജില്ലാക്കോടതി പാലത്തിന് സമീപം കാൽനടയാത്രക്കാരൻ സ്വകാര്യ ബസിടിച്ച് മരിച്ചു. ഇരവുകാട് വാർഡ് അഭയ ഭവനത്തിൽ രവീന്ദ്രൻ നായർ (87) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം 5.45 ഓടെയാണ് സംഭവം. നിർത്താതെ പോയ ജുമന എന്ന ബസും ഡ്രൈവറെയും നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. രവീന്ദ്രൻ നായരെ ഇടിച്ചിട്ട ശേഷം ബസ് നിർത്താതെ പോയ വിവരം ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് പോലീസിൽ അറിയിച്ചത്.
പോലീസെത്തി രവീന്ദ്രൻ നായരെ ജീപ്പിൽ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നിർത്താതെ പൊയ ബസ് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽനിന്ന് പിടികൂടി.
വിമുക്ത ഭടനായ രവീന്ദ്രൻ നായർ സൈനിക ബോർഡിൽ പെൻഷൻ ആവശ്യത്തിനായി പോയി തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. ഭാര്യ: ലളിത നായർ. മക്കൾ: അഭയകുമാർ, സിന്ധു. മരുമക്കൾ: നീതു അഭയകുമാർ, ശശികുമാർ.