വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രാഥമിക റിപ്പോർട്ട് കൈമാറി
Thursday, July 17, 2025 6:22 PM IST
കൊല്ലം: സ്കൂളിൽവച്ച് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി ഡപ്യൂട്ടി ചീഫ് എൻജിനീയർ സർക്കാരിനു പ്രാഥമിക റിപ്പോർട്ട് കൈമാറി. വൈദ്യുതി ലൈനിനു താഴെ അനധികൃതമായി സൈക്കിൾ ഷെഡ് സ്ഥാപിച്ചതാണ് അപകടത്തിനു കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ലൈനിന് താഴെ നിർമാണം നടത്തുന്നതിന് വൈദ്യുതി വകുപ്പിന്റെ അനുമതി വേണം. ഇതു ലഭിച്ചിട്ടില്ല. ഷെഡും ലൈനും തമ്മിൽ ആവശ്യമായ അകലം ഇല്ലായിരുന്നുവെന്നും വൈദ്യുതി മന്ത്രിക്ക് കെഎസ്ഇബി ഡപ്യൂട്ടി ചീഫ് എൻജിനീയർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
കളിക്കുന്നതിനിടെ സൈക്കിൾ ഷെഡിനു മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിയപ്പോഴാണ് കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുന് ഷോക്കേറ്റത്. ഉടൻ തന്നെ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്കൂളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈൻ അപകടരമായ അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സ്കൂൾ അധികൃതർക്കും കെഎസ്ഇബിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.