എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും; വിമർശിച്ച് പ്രതിപക്ഷ നേതാവ്
Thursday, July 17, 2025 6:55 PM IST
കൊല്ലം: സ്കൂളിൽവച്ച് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം ഞെട്ടിക്കുന്നതാണ്.
സ്കൂളുകളിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും. അഞ്ചു വര്‍ഷം മുന്‍പാണ് വയനാട്ടില്‍ പത്തു വയസുകാരി ക്ലാസ് മുറിയില്‍ പാമ്പു കടിയേറ്റ് മരിച്ചത്.
ഇപ്പോൾ മറ്റൊരു കുഞ്ഞ് വൈദ്യുതാഘാതമേറ്റും. എന്ത് സുരക്ഷയാണ് നമ്മുടെ സ്കൂളുകളിലുള്ളത്. ഇനിയെങ്കിലും സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങള്‍ ഓഡിറ്റ് ചെയ്യാന്‍ സര്‍ക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും തയാറാകണം.
അപകടകരമായ രീതിയില്‍ വൈദ്യുതി ലൈന്‍ കടന്നു പോകുന്ന സ്കൂളിന് എങ്ങനെയാണ് ഫിറ്റ്നസ് ലഭിച്ചത്. സിപിഎം നേതൃത്വത്തിലുള്ള സ്കൂളായതു കൊണ്ടാണോ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.